വയനാട്: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തെ വര്‍ഗീയമായി ചിത്രീകരിക്കുന്ന ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വത്തിന്റെ ശ്രമത്തിന് രാഹുല്‍ ഗാന്ധിയുടെ മറുപടി. യോഗി ആദിത്യനാഥിന്റെ അമേത്തിയില്‍ നിന്ന് മുസ്‌ലിം ലീഗിന് സ്വാധീനമുള്ള വയനാട്ടിലേക്ക് വന്നതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍.
‘..രാജ്യത്തെ സാംസ്‌കാരിക വൈവിധ്യത്തിന്‍മേല്‍ നാഗ്പൂരില്‍ നിന്ന് ആര്‍.എസ്.എസും ബി.ജെ.പിയും നടത്തുന്ന ആക്രമണങ്ങള്‍, ജനാധിപത്യത്തിനെതിരായ ആക്രണമങ്ങള്‍, അതിനെതിരെ ഒരു സന്ദേശം നല്‍കുകയാണ് ഞാന്‍. വ്യത്യസ്ത വിചാര ധാരകള്‍, ഭാഷകള്‍ ഒക്കെ ഉള്ള നാടാണിത്. ഇവിടെ അത് നിലനില്‍ക്കുക തന്നെ വേണം. ഒരു കാര്യം ഞാന്‍ ഉറപ്പിച്ച് പറയട്ടെ ‘ മോദിയും യോഗിയും’ ആരോപിക്കുന്ന ഇത്തരം കാര്യങ്ങളെ ഞാന്‍ മുഖവിലക്കെടുക്കുന്നേ ഇല്ല..’-രാഹുല്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിക്കുന്ന സി.പി.എമ്മിനും രാഹുല്‍ മറുപടി നല്‍കി. ‘കേരളത്തിലെ എല്ലാവരോടും, സി.പി.എമ്മിലേയും കോണ്‍ഗ്രസിലെയും സഹോദരീ സഹോദരന്മാരോട് എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്: എനിക്കറിയാം കേരളത്തില്‍ പരമ്പരാഗതമായി എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരമെന്ന്, അതങ്ങനെ തന്നെ തുടരും.
എനിക്കറിയാം, സി.പി.എമ്മിനു ശ്രമിക്കാതിരിക്കാനാവില്ല. അവര്‍ക്ക് എനിക്കെതിരെ മത്സരിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കാനാവില്ല എന്ന്. പക്ഷേ ഞാന്‍ സി.പി.എമ്മിനെതിരെ ഒരു വാക്കും പറയില്ല. ഞാനതിനല്ല മത്സരിക്കുന്നത്. ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ്, ദക്ഷിണേന്ത്യയും ഇന്ത്യയുടെ ഭാഗമാണെന്ന സന്ദേശം പകരാനാണ് ഞാന്‍ ഇവിടെ നിന്ന് മത്സരിക്കുന്നത്.
സി.പി.എമ്മിനു ശ്രമിക്കാതിരിക്കാന്‍ ആവില്ല എന്നതിനെ ഞാന്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നു. അവര്‍ എനിക്കെതിരെ നടത്തുന്ന എല്ലാ അക്രമണങ്ങളെയും ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു. പക്ഷേ പ്രചരണത്തില്‍ ഒരിടത്തും അവര്‍ക്കെതിരെ ഒരു വാക്ക് പോലും ഞാന്‍ പറയില്ല. നന്ദി’-രാഹുല്‍ നിലപാട് വ്യക്തമാക്കി.
വയനാട്ടില്‍ പത്രിക സമര്‍പ്പിക്കാനെത്തിയ രാഹുല്‍ ഗാന്ധിക്ക് അവിസ്മരണീയമായ സ്വീകരണമാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ നല്‍കിയത്. പതിനായിരങ്ങളാണ് രാഹുലിനും പ്രിയങ്കക്കുമൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തത്.
#RahulGandhiWayanad #RahulTharangam pic.twitter.com/wPTL8qRmKT
— Congress (@INCIndia) April 4, 2019
Be the first to write a comment.