ന്യൂഡല്‍ഹി: ഭരണഘടന ഭേദഗതി ചെയ്യുമെന്ന കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പി ഇന്ത്യന്‍ ഭരണഘടനക്ക് ഭീഷണിയാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.

രാജ്യത്തിന്റെ അടിസ്ഥാന ശിലയായ ഭരണഘടനയെ തകര്‍ക്കാനുള്ള ബി.ജെ.പിയുടെ ശ്രമം അപകടകരമാണ്. ഭരണഘടനയ്‌ക്കെതിരായി ബിജെപി നേതാക്കള്‍ ഗുരുതരമായ പ്രസ്താവനകളാണ് നടത്തുന്നത്. അതോടൊപ്പം പരോക്ഷമായ ആക്രമണങ്ങളും ബിജെപി ആസൂത്രണം ചെയ്യുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു.

ഭരണഘടനയെ സംരക്ഷിക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഓരോ പൗരന്റെയും കര്‍ത്തവ്യമാണെന്നും എല്ലാ വ്യക്തികളുടെയും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പോരാട്ടത്തെ തങ്ങളുടെ കടമയായാണ് കോണ്‍ഗ്രസ് കാണുന്നത്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ തോറ്റിട്ടുണ്ടാവാം, പക്ഷേ നുണകള്‍ പറഞ്ഞ് വിജയിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ഭരണഘടന മാറ്റണമെന്നായിരുന്നു ഹെഡ്‌ഗെയുടെ പരാമര്‍ശം. ഭരണഘടനയിലെ മതേതരത്വം എന്ന വാക്ക് എടുത്തുമാറ്റണമെന്നും പറഞ്ഞിരുന്നു. ഇത് വിവാദമായതോടെ പാര്‍ലമെന്റില്‍ മന്ത്രി മാപ്പുപറഞ്ഞിരുന്നു. പാര്‍ലമെന്റിനേയും ഭരണഘടനയേയും മാനിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.