X

യെദിയൂരപ്പയുടെ സത്യപ്രതിജ്ഞക്ക് പിന്നാലെ രാഹുലും അമിത് ഷായും തമ്മില്‍ ട്വിറ്ററില്‍ വാക്‌പോര്

ബംഗളൂരു: കര്‍ണാടകയില്‍ യെദിയൂരപ്പയുടെ കീഴിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ട്വിറ്ററില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായും തമ്മില്‍ വാക്‌പോര്.

ഭരണഘടനയെ കൊഞ്ഞനംകുത്തിയാണ് കര്‍ണാടകയില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ബി.ജെ.പിയുടേത് യുക്തിഹീനമായ ദുര്‍വാശിയാണെന്നും ബി.ജെ.പി വിജയം ആഘോഷിക്കുകയാണെങ്കില്‍ ജനാധിപത്യത്തിന്റെ പരാജയത്തില്‍ രാജ്യം ദുഃഖിക്കുകയായിരിക്കുമെന്നും രാഹുല്‍ പറഞ്ഞു. രാഹുലിന്റെ ട്വിറ്ററിലെ പ്രതികരണത്തിനു ശേഷം ഏകദേശം രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ അമിത് ഷായും മറുപടിയുമായി രംഗത്തെത്തി.

കര്‍ണാടകയില്‍ ജെ.ഡി.എസുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസ് നടപടി അവസരവാദ രാഷ്ട്രീയത്തെയാണ് കാണിക്കുന്നതെന്ന് അമിത്ഷാ ട്വിറ്ററില്‍ കുറിച്ചു. അവസരവാദ കൂട്ടുകെട്ട് ഉണ്ടാക്കിയ കോണ്‍ഗ്രസ്സാണ് യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തെ കശാപ്പു ചെയ്തിരിക്കുന്നത്. കര്‍ണാടകയിലെ ജനങ്ങളുടെ ക്ഷേമമല്ല മറിച്ച് വില കുറഞ്ഞ രാഷ്ട്രീയ നേട്ടമാണ് ഈ കൂട്ടുകെട്ടിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്നും ഇത് നാണകേടാണെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം, 118 എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ബി.ജെ.പിയെ വെല്ലുവിളിച്ച് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ആ 11 പേര്‍ ഞങ്ങളോടൊപ്പമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യോദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തതില്‍ പ്രതിഷേധിച്ച് നിയമസഭക്ക് മുന്നില്‍ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. വിധാന്‍ സൗധക്ക് മുന്നിലാണ് കോണ്‍ഗ്രസ് ജെ.ഡി.എസ് ധര്‍ണ നടക്കുന്നത്.

കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്ന കര്‍ണാടകയിലെ എം.എല്‍.എമാര്‍ ഒറ്റ രാത്രി കൊണ്ട് മറുകണ്ടം ചാടിയെന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന ആരോപണം. ഈ ആരോപണത്തിന് മറുപടിയുമായി തങ്ങള്‍ക്കൊപ്പമുളള മുഴുവന്‍ എം.എല്‍.എമാരെയും റോഡിലിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്‌ജെ.ഡി.എസ് സഖ്യം.

chandrika: