X

രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വളരുന്നു; പ്രതിപക്ഷനിരയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെന്ന് സര്‍വെ ഫലം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി അതിവേഗം വളരുന്നുവെന്ന് പുതിയ സര്‍വെ ഫലം. ഇന്ത്യ ടുഡെ നടത്തിയ മൂഡ് ഓഫ് ദി നാഷന്‍ എന്ന സര്‍വെയിലാണ് രാഹുല്‍ ഗാന്ധി ജനപ്രീതി വര്‍ധിക്കുന്നതായി പറയുന്നത്.

അടുത്ത വര്‍ഷം രാജ്യം പൊതുതെരഞ്ഞെടുപ്പ് നേരിടാനിരിക്കെ നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷനിരയില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെ ഇയര്‍ത്തിക്കാട്ടും എന്നതായിരുന്നു സര്‍വെ വിഷയം. പ്രതിപക്ഷ നിരയില്‍ നിന്ന് മോദിയെ നേരിടാന്‍ രാഹുല്‍ ഗാന്ധിയാണ് വേണ്ടതെന്ന് സര്‍വേയില്‍ പങ്കെടുത്ത 46 ശതമാനം പേരും അഭിപ്രായപ്പെട്ടു. അതേസമയം വിശാല പ്രതിപക്ഷത്തിന്റെ പ്രധാമമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിക്ക് വെറും എട്ടു ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്ത് ഫിനീഷ് ചെയ്തു.

സമാന സര്‍വേ 2016 ഫെബ്രുവരിയിലും ഇന്ത്യ ടുഡെ നടത്തിയിരുന്നു. അന്ന് 32 ശതമാനം ആളുകളാണ് രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുത്തത്. എന്നാല്‍ ഇപ്പോള്‍ 14 ശതമാനം അധികം ആളുകള്‍ രാഹുല്‍ ഗാന്ധിയെ മോദിക്ക് പകരം നില്‍ക്കാന്‍ യോഗ്യതയുള്ള നേതാവായി കണക്കാക്കുന്നുവെന്നാണ് പുതിയ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

സര്‍വെയില്‍ പങ്കെടുത്ത 47 ശതമാനം മുസ്‌ലികളും രാഹുല്‍ ഗാന്ധിയെ പിന്തുണച്ചപ്പോള്‍, സര്‍വെയില്‍ പങ്കെടുത്ത 45 ശതമാനം ഹിന്ദുക്കളും രാഹുലിനൊപ്പം തന്നെ നിന്നു. ബി.ജെ.പിക്ക് കാര്യമായ വേരോട്ടമില്ലാത്ത
കേരളം, കര്‍ണാടക, ആന്ധ്ര ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യയില്‍ നിന്നാണ് രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ പിന്തുണ ലഭിച്ചത്. ഈ മേഖലയിലുള്ള 56 ശതമാനം ആളുകളാണ് രാഹുല്‍ ഗാന്ധി മോദിക്ക് പകരക്കാരനാകാന്‍ യോഗ്യനാണെന്ന് അഭിപ്രായപ്പെട്ടത്. പടിഞ്ഞാറന്‍ മേഖലയിലെ 52 ശതമാനം ആളുകളും ഇതേ അഭിപ്രായം പ്രകടിപ്പിച്ചപ്പോള്‍ ഉത്തരേന്ത്യയില്‍ 32 ശതമാനത്തിന്റെ പിന്തുണയേ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചുള്ളൂ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ഥ ശ്രേണിയില്‍പ്പെട്ട 12100 പേരാണ് സര്‍വെയില്‍ പങ്കാളികളായത്.

രാഹുല്‍ ഗാന്ധി, മമതാ ബാനര്‍ജി, പ്രിയങ്ക ഗാന്ധി, സോണിയാ ഗാന്ധി, പി ചിദംബരം, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാള്‍, ശരത് പവാര്‍, നവീര്‍ പട്‌നായിക്, മായാവതി, ചന്ദ്രബാബു നായിഡു, ചന്ദ്രശേഖര റാവു, നിതീഷ് കുമാര്‍, മുലായം സിങ് യാദവ് തുടങ്ങിയ ദേശീയ നേതാക്കളുടെ പട്ടികയില്‍ നിന്നാണ് സര്‍വെയില്‍ പങ്കെടുത്തവര്‍ രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുത്തത്.

സര്‍വേയില്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി ചിദംബരം, രാഹുല്‍ ഗാന്ധിയുടെ സഹോദരനി പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് ആറ് ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ക്ക് നാല് ശതമാനം ആളുകളുടെ പിന്തുണ ലഭിച്ചു.

അതേസമയം അടുത്ത പ്രധാനമന്ത്രിയാരാകണം എന്ന ചോദ്യത്തിന് അധികമാളുകളും നരേന്ദ്ര മോദിയുടെ പേരാണ് നിര്‍ദേശിക്കുന്നത്. 69 ശതമാനം ആളുകളാണ് മോദിക്ക് അനുകൂലമായി സര്‍വേയില്‍ പിന്തുണച്ചത്.

chandrika: