വയനാട് പാർലമെന്റ് മണ്ഡലത്തിൽ മികവും കഴിവും തെളിയിച്ചവരെ പരിചയപ്പെടുത്തി രാഹുൽഗാന്ധി എം പിയുടെ 2021 വർഷത്തെ കലണ്ടർ. വയനാട് പാർലമെന്റ് മണ്ഡലത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ കുറിച്ചുള്ള ചെറിയ ജീവിതരേഖകളാണ് കലണ്ടറിനെ വ്യത്യസ്തമാക്കുന്നത്. മാത്രമല്ല, വയനാട് പാർലമെന്റ് മണ്ഡലത്തിലെ പ്രകൃതിഭംഗി പെയിംന്റിംഗായും കലണ്ടറിലുണ്ട്. ചെറുവയൽ നെൽപ്പാടം, പനമരത്തെ കൊറ്റില്ലം, ബാണാസുരസാഗർ ഡാം, ചെമ്പ്രമല, മുത്തങ്ങ വന്യജീവിസങ്കേതം, ഫാന്റം, താമരശ്ശേരി ചുരം, പഴശിസ്മാരകം, കനോലി തേക്ക് മ്യൂസിയം, ചാലിയാർപുഴ, വെള്ളരിമല പാറ, കേരളംകുണ്ട് വെള്ളച്ചാട്ടം എന്നിവയുടെ പെയിന്റിംഗാണ് കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വയനാടിന്റെ കാർഷികമേഖലയിൽ ശാരീരികവൈകല്യങ്ങളെ അതിജീവിച്ചുകൊണ്ട് ജൈവകൃഷി നടത്തിവരുന്ന കുംഭാമ്മയെ പരിചയപ്പെടുത്തിക്കൊണ്ടാണ് കലണ്ടറിലെ ആദ്യമാസം ആരംഭിക്കുന്നത്. കേരളത്തിലെ സ്പെഷ്യൽ സ്‌കൂൾ കലോത്സവങ്ങളിലെ സൂപ്പർതാരമായി മാറിയ മുഹമ്മദ് ആഷിഖ്, 90 വയസ്സ് കഴിഞ്ഞിട്ടും ചുറുചുറുക്കോടെ മണ്ണിൽ പണിയെടുക്കുന്ന പുൽപ്പള്ളി സുരഭിക്കവലയിലെ നിരപ്പുതൊട്ടിയിൽ മാത്യു-മേരി ദമ്പതികൾ, ഉൾക്കാട്ടിലും ഗുഹകളിലും ജീവിക്കുന്ന ചോലനായ്ക്ക വിഭാഗത്തിലെ ആദ്യ ബിരുദധാരിയും, ഗവേഷകനുമായ വിനോദ്, അന്തർദേശീയ വോളിബോൾ താരം ജിംന എബ്രഹാം, ദേശീയ സ്‌കൂൾ ഗെയിം ഫുട്‌ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്ന വിശാഖ് എം എം, അധ്യാപനം പാട്ടിലൂടെ രസകരമാക്കി മാറ്റിയ ശ്രദ്ദേയനായ നിയാസ് ചോല, കേരളാ സ്‌കൂൾ കായികമേളയിൽ രണ്ട് സ്വർണവും ഒരു വെള്ളിയും നേടിയ ആദിവാസി പണിയവിഭാഗത്തിൽപ്പെട്ട വിഷ്ണു, സ്വയം വികസിപ്പിച്ചെടുത്ത മെഷീനുകൾ കൊണ്ട് അത്ഭുതബാലനെന്ന് പേര് കേട്ട റ്റൈലൻ സജി, ഇന്ത്യൻ വ്യോമസേനയുടെ ആഗ്രയിൽ നടന്ന പാരാജംപിംഗ് ക്യാംപിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള ഏകപെൺകുട്ടിയായ ഫർസാന റഫീഖ് കെ, ചിത്രകലയിൽ ഗിന്നസ് അടക്കം നിരവധി റെക്കോർഡുകൾ നേടിയ എം ദിലീഫ്, കാഴ്ചനഷ്ടമായ മീനങ്ങാടി സ്വദേശിയായ കവയത്രി നിഷ പി എസ് എന്നിവരെയാണ് കലണ്ടറിൽ അവരുടെ നേട്ടങ്ങളടക്കം പരാമർശിച്ചുകൊണ്ട് ഉൾപ്പെടുത്തിയിരിക്കുന്നത്. രാഹുൽഗാന്ധി വയനാടിന്റെ എം പിയായതിന് ശേഷം പുറത്തിറക്കിയ കലണ്ടർ നേരെത്തെയും അതിന്റെ വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടിയിയിരുന്നു.