കോഴിക്കോട്: പോലീസിന്റെ മര്‍ദ്ദനത്തില്‍ മനംനൊന്ത് കോഴിക്കോട് വിമുക്ത ഭടന്‍ ആത്മഹത്യ ചെയ്തു. ബാലുശ്ശേരി എരമംഗലം സ്വദേശി രാജന്‍ നായര്‍ (58)ആണ് ആത്മഹത്യ ചെയ്തത്. കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ പോലീസിന്റെ മര്‍ദ്ദനം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിയിട്ടുണ്ട്.

കഴിഞ്ഞ 25-നാണ് രാജന്‍ നായര്‍ വീടിനടുത്ത പറമ്പിലെ മരത്തില്‍ തൂങ്ങിമരിക്കുന്നത്. എന്നാല്‍ ആത്മഹത്യാകുറിപ്പ് ലഭിക്കുന്നത് ഇന്നലെയാണ്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന രാജന്‍ നായര്‍ ബസ്സുമായി ഉരസിയതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തിയ രാജനെ രണ്ട് തവണ പോലീസ് കരണത്തടിച്ചിരുന്നു. ബസ് ഉടമകളുമായി ബന്ധമുള്ള പോലീസുകാര്‍ രാജനെ അപമാനിച്ചതിന് നാട്ടുകാരും സാക്ഷികളാണ്. ഈ അപമാനമാണ് മരണത്തിന് കാരണമെന്ന് രാജന്‍ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. സംഭവത്തില്‍ ബാലുശ്ശേരി സി.ഐക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് രാജന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.