ന്യൂഡല്‍ഹി: യു.എ.ഇയുടെ പ്രളയസഹായവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ മലയാളികളെ അപമാനിച്ച റിപ്പബ്ലിക് ചാനല്‍ ഉടമ അര്‍ണബ് ഗോസ്വാമിക്ക് പിന്തുണയുമായി ബി.ജെ.പി എം.പി രംഗത്തെത്തി. എം.പിയും റിപ്പബ്ലിക് ചാനല്‍ സഹ ഉടമയുമായ രാജീവ് ചന്ദ്രശേഖര്‍ ആണ് അര്‍ണബിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്.

മലയാളികള്‍ നാണംകെട്ടവരാണെന്ന തരത്തില്‍ അര്‍ണബ് പറഞ്ഞതായി സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം നടത്തുന്നത് കോമാളികളാണെന്നും ഇത് നുണയാണെന്നും രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യയില്‍ താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നാണംകെട്ട ജനത എന്നാണ് അര്‍ണബ് മലയാളികളെ വിശേഷിപ്പിച്ചത്. സംഭവം പ്രചരിച്ചതോടെ മലയാളികള്‍ അര്‍ണബ് എഡിറ്ററായ റിപ്പബ്ലിക് ടി.വിയുടെ ഫെയ്‌സ്ബുക്ക് പേജിലും അര്‍ണബിന്റെ പേജിലും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.