ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടു വരുന്നതിനുള്ള സാധ്യത തള്ളാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. അതേസമയം സുപ്രീംകോടതി വിധിക്ക് മുമ്പ് ഓര്‍ഡിനന്‍സ് കൊണ്ടു വരില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധിക്കായി കാത്തിരിക്കുന്നു. കേസ് വൈകിപ്പിക്കുന്നത് കോണ്‍ഗ്രസ് അഭിഭാഷകരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം സുപ്രീം കോടതി വിധി എതിരായാല്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ഓര്‍ഡിനന്‍സ് പരിഗണിക്കുമെന്ന സൂചന കൂടിയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
സുപ്രീം കോടതി വിധി വന്നതിന് ശേഷം എന്താണോ സര്‍ക്കാറിന്റെ ഉത്തരവാദിത്തം അതിനായി സര്‍ക്കാര്‍ മുഴുവന്‍ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയോധ്യ പ്രശ്‌നപരിഹാരം ഭരണഘടനയുടെ പരിധിയില്‍ നിന്നു കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വ്യക്തമാക്കിയതാണെന്നും മോദി പറഞ്ഞു. മുത്തലാഖ് മാതൃകയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് സംഘ്പരിവാര്‍ സംഘടനകള്‍ സര്‍ക്കാറിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി മോദി രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്. എന്തു കൊണ്ട് മുത്തലാഖ് മാതൃകയില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നില്ലെന്ന ചോദ്യത്തിന് മുത്തലാഖ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത് സുപ്രീം കോടതി വിധിക്കു ശേഷമാണെന്നായിരുന്നു മോദിയുടെ പ്രതികരണം. രാജ്യത്ത് സമാധാനവും സൗഹാര്‍ദ്ദവും നിലനില്‍ക്കാന്‍ കോണ്‍ഗ്രസ് അഭിഭാഷകര്‍ അയോധ്യ കേസ് വൈകിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു. പാകിസ്താനില്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തെ കുറിച്ചും മോദി പ്രതികരിച്ചു. മിന്നലാക്രമണത്തിനുളള തീരുമാനം വെല്ലുവിളി നിറഞ്ഞതായിരുന്നു.
സൈനികരുടെ സുരക്ഷയില്‍ ആശങ്ക ഉണ്ടായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വിജയമായാലും പരാജയമായാലും സൂര്യന്‍ ഉദിക്കുന്നതിന് മുമ്പ് തിരിച്ചു വരണമെന്നായിരുന്നു സ്‌പെഷ്യല്‍ ഫോഴ്‌സിന് നല്‍കിയ നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ ഹിന്ദി ഹൃദയ ഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ പരാജയത്തിന് കാരണം ഭരണവിരുദ്ധ വികാരമാണെന്ന് മോദി തുറന്ന് സമ്മതിച്ചു. ഭരണവിരുദ്ധ വികാരം തിരിച്ചടിയായെന്നും, ബി.ജെ.പിയുടെ വീഴ്ചകള്‍ പരിഹരിക്കാന്‍ നടപടി തുടങ്ങിയതായും പ്രധാനമന്ത്രി വ്യക്തമാക്കി. ചത്തീസ്ഗഡിലേത് കനത്ത തോല്‍വിയാണെങ്കിലും നാഗലന്റിലും മിസോറമിലും ബി.ജെ.പി വിജയിക്കുമെന്ന് ആരും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഉര്‍ജിത് പട്ടേല്‍ സ്വയം രാജിവെച്ചതാണ്. അത് രാഷട്രീയ സമ്മര്‍ദ്ദം കൊണ്ടല്ല. രാജി സന്നദ്ധത ഏഴ് മാസം മുമ്പ് ഉര്‍ജിത് പട്ടേല്‍ തന്നെ അറിയിച്ചിരുന്നു എന്നും മോദി കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധനം പെട്ടെന്നുണ്ടായ തീരുമാനമായിരുന്നില്ലെന്നും ഒരു വര്‍ഷം മുമ്പേ കള്ളപ്പണത്തിനെതിരെ നടപടിയുണ്ടാകുമെന്ന് താന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായും മോദി പറഞ്ഞു. കര്‍ഷകരെ കടക്കെണിയില്‍ അകപ്പെടാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധ കൊടുക്കുന്നതെന്നും കര്‍ഷകരുടെ കടം സര്‍ക്കാര്‍ എഴുതിത്തള്ളില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. കടം എഴുതിത്തള്ളുമെന്നത് കോണ്‍ഗ്രസിന്റെ തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ സുപ്രീം കോടതിവിധിയല്ല, ഇന്ദു മല്‍ഹോത്രയുടെ വിയോജന വിധിയാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് നരേന്ദ്രമോദി വ്യക്തമാക്കി. ശബരിമലയിലേത് ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. സുപ്രീം കോടതിയില്‍ ശബരിമല വിധി പറഞ്ഞ അഞ്ചംഗ ബഞ്ചിലെ അംഗമായിരുന്ന ഇന്ദുമല്‍ഹോത്ര വിധിക്കെതിരെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഈ വിയോജന വിധി ശ്രദ്ധയോടെ കേള്‍ക്കണമെന്നും മോദി പറഞ്ഞു. ഇന്ത്യയില്‍ പുരുഷന്മാര്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളുമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.