റാഞ്ചി: ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ ഏഴംഗ കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കന്‍കെ മേഖലയിലാണ് രണ്ടു കുട്ടികളടങ്ങുന്ന കുടംബത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ബിഹാറിലെ ഭഗല്‍പൂര്‍ സ്വദേശിയായ ദീപക് കുമാര്‍ ഝാ, ഭാര്യ, മാതാപിതാക്കള്‍, അഞ്ചു വയസ്സുള്ള മകള്‍, ഒന്നര വയസ്സുള്ള മകന്‍, ദീപകിന്റെ ഇളയ സഹോദരന്‍ എന്നിവരെയാണ് തിങ്കളാഴ്ച വീട്ടില്‍ മരിച്ചത്. രണ്ടു പേരുടെ മൃതദേഹം തൂങ്ങിയ നിലയിലും മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ തറയിലുമാണ് കണ്ടെത്തിയത്. കൂട്ട ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായ ദീപക് കുടുംബസമേതം റാഞ്ചിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്ന നിഗമനത്തിലാണ് പൊലീസ്. മറ്റുള്ളവരെ കൊലപ്പെടുത്തിയ ശേഷം ദീപക് ആത്മഹത്യ ചെയ്തതാണോ എന്നും സംശയമുണ്ട്. എന്നാല്‍ ആത്മഹത്യാകുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.
കഴിഞ്ഞമാസം ഡല്‍ഹി ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. മന്ത്രവാദത്തില്‍ വിശ്വസിച്ച് സ്വയം മരിച്ചതാണെന്നാണ് പോലീസ് നിഗമനമെങ്കിലും മരണത്തിലെ ദുരൂഹത തുടരുകയാണ്.

ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ രണ്ടാഴ്ച മുന്‍പ് ആറംഗ കുടുംബം ജീവനൊടുക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. കുട്ടികളെ ബോധംകെടുത്തിയ ശേഷം കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു.