റാന്നി: പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത് ബിജെപി. പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നിര്‍ത്തിയ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ബിജെപി വോട്ട് ചെയ്തു. ഇതോടെ റാന്നി പഞ്ചായത്തിന്റെ ഭരണം എല്‍ഡിഎഫിന് ലഭിച്ചു.

റാന്നി പഞ്ചായത്തില്‍ ആകെയുണ്ടായിരുന്ന പതിമൂന്ന് സീറ്റുകളില്‍ അഞ്ചെണ്ണം എല്‍ഡിഎഫിനും, അഞ്ച് എണ്ണം യുഡിഎഫിനും രണ്ടെണ്ണം ബിജെപിക്കുമാണ് ലഭിച്ചത്. ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു.

ഒരു സ്വതന്ത്രന്റെയും, രണ്ട് ബിജെപി അംഗങ്ങളുടെയും പിന്തുണയോട് കൂടിയാണ് കേരള കോണ്‍ഗ്രസിന്റെ മെമ്പര്‍ റാന്നിയില്‍ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

അതേസമയം കൂട്ടുകെട്ട് നേരത്തെയുണ്ടായ ധാരണകളുടെ പുറത്താണോ എന്നതില്‍ വ്യക്തതയില്ല. അവസാന നിമിഷമാണ് ബിജെപി, എല്‍ഡിഎഫ് നിര്‍ത്തിയ കേരള കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടു ചെയ്തത്.