കാണ്‍പൂര്: വീട്ടില്‍ തനിച്ചായിരുന്ന 17കാരിയെ കൂട്ടബലാത്സംഗം നടത്തിയ ശേഷം ചുട്ടെരിച്ചു. ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര് മാജ്ഗ്വാനിലാണ് സംഭവം. രണ്ട് യുവാക്കള്‍ അതിക്രമിച്ച് വീട്ടില്‍ കയറിയ ശേഷം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ചുട്ടെരിക്കുകയായിരുന്നെന്നാണ് കേസ്. പ്രതികളെ പൊലീസ് പിടികൂടി.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരന്‍ വീട്ടിലെത്തിയപ്പോള്‍ വാതില്‍ അടച്ചിട്ട നിലയിലായിരുന്നു. പെണ്‍കുട്ടിയെ വിളിച്ചിട്ടും അനക്കം കേള്‍ക്കാതിരുന്നതിനെ തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂര പൊളിച്ചു നോക്കിയപ്പോള്‍ പീഡനത്തിനിരയായി സഹോദരി മരിച്ചു കിടക്കുന്നതാണ് കണ്ടത്. സമീപത്ത് മണ്ണെണ്ണയുമായി രണ്ട് പേര്‍ നില്‍ക്കുന്നതും കണ്ടു. സഹോദരന്‍ ഒച്ച വെച്ചപ്പോള്‍ പ്രതികള്‍ വടി ഉപയോഗിച്ചു അക്രമിക്കുകയും കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തു. ഓടിരക്ഷപെട്ട യുവാവ് മാതാപിതാക്കളെ കൂട്ടിയെത്തിയപ്പോഴേക്കും പെണ്‍കുട്ടി അഗ്നിക്കിരയായിരുന്നു എന്ന് സഹോദരന്‍ പൊലീസിന് മൊഴി നല്‍കി. പെണ്‍കുട്ടിയുടെ കല്യാണത്തിനായി കരുതിയിരുന്ന സ്വര്‍ണവും പണവും അക്രമികള്‍ കവര്‍ന്നതായും പിതാവ് പറഞ്ഞു.