തിരുവനന്തപുരം: സംസ്ഥാനത്ത് 3,21,444 റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമാണെന്ന് കണ്ടെത്തി റദ്ദ് ചെയ്തുവെന്ന് ഭക്ഷ്യ മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. വസ്തുതകള്‍ മറച്ചുവച്ച് മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. ഈ കാലയളവില്‍ റേഷന്‍ വിഹിതത്തിലെ കമ്പോളവില ഇവരില്‍ നിന്നും ഈടാക്കുമെന്നും നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മന്ത്രി വ്യക്തമാക്കി.
കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍. 46477. തൃശ്ശൂര്‍ -42553 , തിരുവനന്തപുരം -41107 , പത്തനംതിട്ട-11496, ആലപ്പുഴ-12456,, കോട്ടയം-13125,ഇടുക്കി-5575,എറണാകുളം-20596, പാലക്കാട്-29951, മലപ്പുറം-35946, കോഴിക്കോട്-29117, മലപ്പുറം-35946,കോഴിക്കോട്-29117, വയനാട്-4591,കണ്ണൂര്‍-13465,കാസര്‍കോഡ്-14989 എന്നിങ്ങനെയാണ് അനര്‍ഹരുടെ പട്ടിക. സ്വമേധയാ സറണ്ടര്‍ ചെയ്തിന് പുറമേ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി നേടിയ റേഷന്‍കാര്‍ഡുകള്‍ അന്വേഷണത്തിലൂടെ മുന്‍ഗണനേതര വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. തദ്ദേശസ്വയംഭരണം, മോട്ടോര്‍വഹാനവകുപ്പുകളുടെ ഡേറ്റയുമായി ആര്‍.സി.എം.എസ് ഡേറ്റാ മാപ്പിംഗ് നടത്തി അനര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തിയും ഒഴിവാക്കിയിട്ടുണ്ട്. ഒഴിവാക്കല്‍ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയില്‍ 3,71,952 കുടുംബങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ നിന്നും സീനിയോറിറ്റി അനുസരിച്ച് അനര്‍ഹരെ കണ്ടെത്തിയ ഒഴിവിലേക്ക് അര്‍ഹരെ ഉള്‍പ്പെടുത്തി നല്‍കിയിട്ടുണ്ട്. 3,16,960 കുടുംബങ്ങളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ അനര്‍ഹരെ കണ്ടെത്താന്‍ കഴിഞ്ഞ മൂന്ന് മാസങ്ങളായി റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവരുടെ ലിസ്റ്റ് എടുത്ത് ഫീല്‍ഡ് തല പരിശോധന നടത്തുന്നുണ്ട്. നിലവിലെ മുന്‍ഗണനാപട്ടികയില്‍ ഇത്തരത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാത്ത 70,000 കുടുംബങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആശ്രയ പദ്ധതിയില്‍പ്പെട്ടവരുടെ പട്ടിക കുടുംബശ്രീയില്‍ നിന്ന് ലഭ്യമാക്കുന്നതിനും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹായത്തോടെ മരണപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ച് പട്ടികയില്‍ നിന്ന് ഒഴിവാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.