കലാമൂല്യമുള്ള ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് രവി വള്ളത്തോള്‍. വിവാദങ്ങള്‍ക്ക് മുഖം കൊടുക്കാറില്ലെങ്കിലും നടന്‍ മമ്മൂട്ടിയെക്കുറിച്ച് രവി വള്ളത്തോള്‍ നടത്തിയ വെളിപ്പെടുത്തല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാണ്.

മമ്മൂട്ടിയെക്കുറിച്ചുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ പങ്കുവെക്കുന്നതിനിടെ മമ്മൂട്ടി തന്നെ ഒറ്റികൊടുത്തതായി രവി നടത്തിയ വെളിപ്പെടുത്തലാണ് ഇതിനു കാരണം. വിധേയന്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് നടന്ന സംഭവമാണ് രവി തുറന്നുപറയുന്നത്.

സംഭവത്തെക്കുറിച്ച് രവി വള്ളത്തോള്‍:

‘മംഗലാപുരത്തു നിന്ന് അമ്പതു കിലോമീറ്റര്‍ അകലെയാണ് വിധേയന്റെ ചിത്രീകരണം നടക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണനാണ് സംവിധായകന്‍. ഭാസ്‌കര പട്ടേലരായി മമ്മൂട്ടി റെഡിയായി കഴിഞ്ഞു. അനന്തിരവന്റെ വേഷമായിരുന്നു എനിക്ക്.

ഷൂട്ടിങിനിടെ മമ്മൂക്കുയടെ മുഖം വല്ലാതിരിക്കുന്നു. തിരക്കിയപ്പോള്‍ ദുല്‍ഖറിന് മഞ്ഞപ്പിത്തമാണെന്ന് പറഞ്ഞു. മുംബൈയില്‍ നിന്നു വരുന്ന വഴി മദ്രാസില്‍ ഇറങ്ങണമെന്നു വിചാരിച്ചതാ. അടൂര്‍ സാര്‍ സമ്മതിച്ചില്ല. അവനെ കാണാത്തതില്‍ വല്ലാത്തൊരു വിഷമം, മമ്മൂക്ക പറഞ്ഞു.

മമ്മൂക്കയുമായുള്ള എന്റെ ഡയലോഗാണ് സീന്‍. കന്നഡയിലാണ് ഡയലോഗ്. അടൂര്‍ സാര്‍ ആക്ഷന്‍ പറഞ്ഞു. മമ്മൂക്ക ഡയലോഗ് പറയുന്നതിനിടെ ചെറിയ ഭാഗം മറന്നുപോയി.

രണ്ടു തവണ ഇത്തരത്തില്‍ ആവര്‍ത്തിച്ചു. അത് അറിയാതിരിക്കാന്‍ അദ്ദേഹം മുഖം ചെറുതായൊന്നു തിരിച്ചു.

പക്ഷേ ഓരോ സൂക്ഷ്മാംശവും നിരീക്ഷിക്കുന്ന അടൂര്‍ സാര്‍ അത് കണ്ടുപിടിച്ചു. മമ്മൂട്ടി മുഖം തിരിക്കുന്നതെന്തിനാണ്? അദ്ദേഹം ചോദിച്ചു.

സാര്‍ മുഖം തിരിച്ചതല്ല. രവി മേക്കപ്പിട്ടിട്ടുണ്ടോ എന്നൊരു സംശയം, മമ്മൂക്ക പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി. ആ സിനിമയില്‍ മേക്കപ്പിടരുതെന്ന് അടൂര്‍ സാര്‍ പ്രത്യേകം നിര്‍ദേശിച്ചിരുന്നു.

സാര്‍ എന്റെ മുഖത്ത് വിരല്‍ കൊണ്ടു തൊട്ടു നോക്കി. ഉണ്ട് സാര്‍ മേക്കപ്പ് ഇട്ടിട്ടുണ്ട്. മമ്മൂക്ക ഉറപ്പിച്ചു പറഞ്ഞു. സാറിനു പിടികിട്ടി.

രവിക്ക് ഇപ്പോഴുള്ള മേക്കപ്പ് മുകളില്‍ നിന്ന് കൊടുത്തതാണ്. അടൂര്‍സാറിന്റെ നര്‍മ്മം കേട്ട് എല്ലാവരും പൊട്ടിചിരിച്ചു. ഷോട്ട് കഴിഞ്ഞയുടന്‍ മമ്മൂക്ക എന്റെടുത്ത് വന്ന് ക്ഷമാപണം നടത്തി. അതെങ്കിലും പറഞ്ഞില്ലെങ്കില്‍ പെട്ടുപോയേനെയെന്ന് പറഞ്ഞു.