ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന് പിന്നാലെ ഏര്‍പ്പെടുത്തിയ ബാങ്കിങ് നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനത്തോടെ പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പിന്‍വലിച്ച നോട്ടുകളുടെ 78-88 ശതമാനം പുതിയ നോട്ടുകള്‍ വിപണിയിലെത്തുമെന്നും അതോടെ പണലഭ്യത കൂടുമെന്നും റിസര്‍വ് ബങ്ക് കണക്ക് കൂട്ടുന്നു. അടുത്തിടെയാണ് എടിഎമ്മിലൂടെ പിന്‍വലിക്കാവുന്ന തുകയുടെ പരിധി ദിവസത്തില്‍ പതിനായിരം ആക്കി ഉയര്‍ത്തിയത്. എന്നാല്‍ ആഴ്ച പരിധി 24,000ത്തില്‍ തന്നെ നിറുത്തുകയായിരുന്നു. കറണ്ട് അക്കൗണ്ടുള്ളവര്‍ക്ക് ഒരു ലക്ഷവുമായിരുന്നു പരിധി നിശ്ചയിച്ചിരുന്നത്.

പണമില്ലാത്ത പ്രശ്‌നം കുറഞ്ഞുവരികയാണെന്നും ഫെബ്രുവരി അവസാനമോ അല്ലെങ്കില്‍ മാര്‍ച്ച് പകുതിയോടെയോ ബാങ്ക് നിയന്ത്രണങ്ങള്‍ പൂര്‍ണായും ഒഴിവാക്കുമെന്നാണ് കരുതുന്നതെന്നും ബാങ്ക് ഓഫ് മഹാരാഷ്ട്ര എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ ആര്‍.കെ ഗുപ്ത പറയുന്നു. ഇക്കാര്യത്തിലെ അന്തിമ തീരുമാനം പറയേണ്ടത് റിസര്‍വ് ബാങ്കാണെന്നും സമഗ്രമായി വിലയിരുത്തിയ ശേഷം അവര്‍ തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇപ്പോഴത്തെ സാഹചര്യം അനുകൂലമാണെന്നും ആഴ്ചകളുടെ വ്യത്യാസത്തില്‍ തന്നെ ബാങ്ക് നിയന്ത്രണങ്ങള്‍ ഒഴിവാക്കാനാകുമെന്നാണ് മറ്റൊരു ബാങ്ക് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നത്.

നവംബര്‍ എട്ടിനാണ് 500,1000 നോട്ടുകള്‍ പിന്‍വലിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. തുടര്‍ന്ന് വന്‍ കോലാഹലങ്ങളാണ് രാജ്യത്ത് അരങ്ങേറിയത്. 50 ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം ശരിയാകുമെന്ന് മോദി വ്യക്തമാക്കിയിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. അതിനിടെ ജനുവരി ഒന്നിന് എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 2500ല്‍ നിന്ന് 4500 രൂപയാക്കി ഉയര്‍ത്തി. എന്നാല്‍ ബാങ്കില്‍ നിന്ന് പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങള്‍ തുടരുകയും ചെയ്തു.