ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ ജനങ്ങള്‍ക്ക് നിരാശയുള്ളതായി റിസര്‍വ് ബാങ്ക് സര്‍വേ റിപ്പോര്‍ട്ട്. വായ്പാനയ അവലോകത്തിനൊപ്പം റിസര്‍വ് ബാങ്ക് രാജ്യത്തെ ആറു നഗരങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ വ്യത്യസ്ത സര്‍വേകളിലാണ് സമ്പദ് ഘടനയുടെ നിരാശാജനകമായ അവസ്ഥ കണ്ടെത്തിയത്. സമ്പാദ്യം, ചെലവ് എന്നവയിലൂടെ ജനങ്ങള്‍ സമ്പദ് ഘടനയില്‍ പുലര്‍ത്തുന്ന വി്ശ്വാസത്തിന്റെ സൂചിക കുത്തനെ ഇടിഞ്ഞതായാണ് സൂചിപ്പിക്കുന്നത്. നിര്‍മിത ഉല്‍പ്പന്നങ്ങളുടെ മേഖലയും വന്‍ തകര്‍ച്ചയിലാണ് മുന്നോട്ടു പോകുന്നത്. 2016 സെപ്തംബറിനെ അപേക്ഷിച്ച് സാമ്പത്തികരംഗം വഷളായെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 40 ശതമാനം ആളുകളും അഭിപ്രായപ്പെട്ടത്. കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേയില്‍ ഇത്തരത്തില്‍ പ്രതികരിച്ച് വെറും 25 ശതമാനം ആളുകളായിരുന്നു. ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് നഗരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു സര്‍വേ. തൊഴില്‍ മേഖലയിലെ സാധ്യതകള്‍ ഇടിഞ്ഞതാണ് ജനങ്ങളെ സാരമായി ബാധിച്ചത്. വരുമാനത്തിന്റെ കാര്യത്തില്‍ ശുഭപ്രതീക്ഷ പുലര്‍ത്തുന്നവരുടെ എണ്ണത്തിലും കുറവു വന്നിട്ടുണ്ട്.