മുംബൈ: ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയം ഇനി ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് വേദിയാകില്ലെന്ന് റിപ്പോര്‍ട്ട്. റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ (ആര്‍.സി.ബി) ഹോം മത്സരങ്ങള്‍ സംസ്ഥാനത്തിന് പുറത്തുള്ള പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ (എം.സി.എ) സ്റ്റേഡിയത്തിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ് അധികൃതര്‍.
പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ സീസണില്‍ ആര്‍.സി.ബി ആദ്യമായി ഐ.പി.എല്‍ കിരീടം നേടിയിരുന്നു. എന്നാല്‍, കിരീടാഘോഷ പരിപാടിക്കിടെ ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം പരിസരത്ത് ഉണ്ടായ തിരക്കിലും തിക്കിലും 11 പേര്‍ മരിച്ച ദുരന്തം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആരാധകരുടെ അനിയന്ത്രിതമായ തിരക്ക് മൂലമാണ് സംഭവം സംഭവിച്ചത്.
സംഭവത്തില്‍ ആര്‍.സി.ബിയുടെ മാര്‍ക്കറ്റിംഗ് തലവന്‍ ഉള്‍പ്പെടെ നിരവധി പേര്‍ അറസ്റ്റിലായി, സംസ്ഥാന സര്‍ക്കാര്‍ പോലും പ്രതിക്കൂട്ടിലായി. ഇതിനെ തുടര്‍ന്ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വന്‍ മത്സരങ്ങള്‍ നടത്തുന്നത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍.
‘ആര്‍.സി.ബിയുടെ ഹോം മത്സരങ്ങള്‍ പുണെയിലേക്ക് മാറ്റാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും, ജൂണിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ മത്സരം നടത്തുന്നതില്‍ ചില പ്രായോഗിക പ്രശ്‌നങ്ങള്‍ ഉണ്ട്. അവ പരിഹരിക്കാനാകാത്ത പക്ഷം, പുണയാണ് പുതിയ വേദി”എം.സി.എ സെക്രട്ടറി കമലേഷ് പായ് വ്യക്തമാക്കി.
ഐ.പി.എല്‍ ചരിത്രത്തില്‍ ഇതുവരെ ആര്‍.സി.ബിയുടെ എല്ലാ ഹോം മത്സരങ്ങള്‍ക്കും വേദിയായിരുന്നത് ചിന്നസ്വാമി സ്റ്റേഡിയമായിരുന്നു. 2009-ല്‍ ദക്ഷിണാഫ്രിക്കയിലും കോവിഡ് കാലത്ത് യു.എ.ഇയിലുമാണ് വിദേശ വേദികളില്‍ മത്സരം നടന്നത്.
പുതിയ തീരുമാനം ആര്‍.സി.ബി ആരാധകരെ നിരാശപ്പെടുത്തുന്നുവെങ്കിലും, സുരക്ഷാ കാരണങ്ങളാല്‍ എടുത്ത അനിവാര്യമായ നീക്കമാണെന്ന് ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.