ബെംഗളുരു: കര്‍ണാടകയില്‍ ശനിയാഴ്ച വൈകീട്ട് നാലു മണിക്ക് ബി.ജെ.പി ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ, കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ നിന്ന് 16 എം.എല്‍.എമാരെ ‘ചാക്കിട്ടു പിടിച്ചു’വെന്ന അവകാശവാദവുമായി ബി.ജെ.പി. കര്‍ണാടക ബി.ജെ.പി ജനറല്‍ സെക്രട്ടറിയും യെദ്യൂരപ്പയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയുമായ ശോഭ കരന്ദ്‌ലജെയാണ് ഇക്കാര്യം അവകാശപ്പെട്ടത്. സുപ്രീം േേകാടതി വിധിക്കു തൊട്ടുപിന്നാലെ മാധ്യമപ്രവര്‍ത്തകരെ കണ്ട ശോഭ, വിധി സ്വാഗതം ചെയ്യുന്നതായും നാളെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും പറഞ്ഞു.

‘നിയമസഭയില്‍ നാളെ നിയമസഭയില്‍ ഞങ്ങള്‍ ഭൂരിപക്ഷം തെളിയിക്കും. സഭയിലെ പരീക്ഷണം വിജയിക്കുമെന്ന് ബി.ജെ.പിക്ക് ആത്മവിശ്വാസമുണ്ട്. മാറ്റത്തിനായി വോട്ടു ചെയ്ത ആറു കോടി കന്നഡിഗരുടെ അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്കുണ്ട്. അവരുടെ ആഗ്രഹങ്ങളും അനുഗ്രഹങ്ങളും ബഹുമാനിക്കപ്പെടും’ – ശോഭ കരന്ദ്‌ലജെ ട്വിറ്ററില്‍ കുറിച്ചു.

ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്നും ഭരണം നിലനിര്‍ത്താന്‍ ആവശ്യമായതിലധികം എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും കര്‍ണാടക ബി.ജെ.പി വ്യക്തമാക്കി. ‘സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. സഭയിലെ പരീക്ഷ വിജയിക്കാന്‍ ആവശ്യമായതിലധികം അംഗങ്ങളുടെ പിന്തുണ ഞങ്ങള്‍ക്കുണ്ട്. ഞങ്ങളുടെ തീരുമാനത്തിന്റെ കരുത്തില്‍ സംശയിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ: കാത്തിരുന്നു കാണുക’