ചണ്ഡിഗഡ്: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന് നേരെ യുവാവിന്റെ മഷിയേറ്. ഹിസാറില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ വിഭാഗം യുവാവിനെ പിടികൂടി പൊലീസിലേല്‍പ്പിച്ചു.

ഒരു റോഡ് ഷോയില്‍ പങ്കെടുക്കാന്‍ ഹിസാറിലെത്തിയതായിരുന്നു ഖട്ടാര്‍. ഇതിനിടെ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി യുവാവ് മഷിയെറിയുകയായിരുന്നു. മുഖത്തും വസ്ത്രത്തിലും മഷി പുരണ്ട മന്ത്രി പിന്നീട് തുറന്ന ജീപ്പില്‍ റോഡ് ഷോയില്‍ പങ്കെടുക്കുകയും ചെയ്തു. ഇസഡ് പ്ലസ് സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ സംഘത്തിന് പറ്റിയ വീഴ്ച്ചയായിട്ടാണ് സംഭവം കണക്കാക്കുന്നത്.

പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷ്ണല്‍ ലോക്ദളിന്റെ പ്രവര്‍ത്തകനാണ് മഷിയെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഇത് പാര്‍ട്ടി നിഷേധിക്കുകയും ചെയ്തു.