ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം രണ്ടാം ദിവത്തിലേക്ക് നീങ്ങവെ സാമ്പത്തിക മാന്ദ്യവും കോവിഡ് പ്രതിസന്ധിയും ചര്‍ച്ചയാവുന്ന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി കോണ്‍ഗ്രസ് എംപി ശശി തരൂര്‍

കോവിഡ് കാലത്ത് വളര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നീണ്ട താടിയേയും പുതിയ ലുക്കും ട്രോളാക്കിയ കാര്‍ട്ടൂണ്‍ പങ്കുവെച്ചായിരുന്നു തരൂരിന്റെ വിമര്‍ശനം.
രാജ്യത്ത് പ്രകടമായി കണ്ട വളര്‍ച്ച ഈ താടി മാത്രമാണെന്ന് പറയുന്ന, മോദിയുടെ പുതിയ രൂപമാറ്റത്തെ അടിസ്ഥാനമാക്കി വരച്ച ഒരു കാര്‍ട്ടൂണ്‍ ട്വിറ്ററിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്. സത്യമായ കാര്യമാണ് കാര്‍ട്ടൂണ്‍ വരച്ചുകാട്ടുന്നതെന്ന് കുറിച്ചുകൊണ്ടായിരുന്നു തരൂരിന്റെ ട്വീറ്റ്.

മോദി സര്‍ക്കാരിന്റെ പ്രതീക്ഷയില്ലാത്ത സാമ്പത്തിക നയങ്ങളുടെയും ജിഡിപിയിലെ പ്രശ്‌നങ്ങളേയും ചൂണ്ടിക്കാട്ടിയുള്ള ട്വീറ്റിന് പിന്നാലെ എന്നോണമായിരുന്നു തരൂരിന്റെ പരിഹാസം.

രാജ്യത്ത് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച്ചയാണ് ആരംഭിച്ചത്. ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച ഇടിഞ്ഞതും, സാമ്പത്തിക മാന്ദ്യവും, ചൈന അതിര്‍ത്തി പ്രശ്‌നവും സഭയില്‍ ചര്‍ച്ചയായിരുന്നു. തിങ്കളാഴ്ച്ച പാര്‍ലമെന്റില്‍ നിന്ന് ചോദ്യോത്തരവേള ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനം പ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ചിരുന്നത്. പാര്‍ലമെന്റ് നടപടികള്‍ ഭംഗിയായി മുന്നോട്ടുകൊണ്ടുപോകാന്‍ എം.പിമാരുടെ സഹായം അഭ്യര്‍ത്ഥിച്ച നരേന്ദ്രമോദിയോട് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നിങ്ങള്‍ക്ക് സാധിക്കണമെന്ന് കോണ്‍ഗ്രസ് വിപ്പ് ജയറാം രമേശ് പറഞ്ഞിരുന്നു.