കൊച്ചി: ലോകവ്യാപകമായി റിലീസ് ചെയ്ത ആര്‍ ആര്‍ ആര്‍ തിയേറ്ററില്‍ പ്രേക്ഷകരെ അമ്പരിപ്പിക്കുന്നതിനപ്പുറം കളക്ഷനിലും ജൈത്ര യാത്ര തുടരുകയാണ് . റിലീസിന്റെ മൂന്നാം ദിനം ലോകവ്യാപകമായി അഞ്ഞൂറ് കൂടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ് ആര്‍ ആര്‍ ആര്‍. കേരളത്തില്‍ മൂന്നാം ദിനം പത്തു കോടി ഗ്രോസ് കളക്ഷന്‍ പിന്നിട്ടു. ജൂനിയര്‍ എന്‍ ടി ആര്‍, റാം ചരണ്‍ എന്നിവരെ മുഖ്യ കഥാപാത്രങ്ങളായി ഒരുക്കിയ ബ്രഹ്മാണ്ഡ ചലച്ചിത്രം ബോക്‌സ് ഓഫീസില്‍ ഇനിയും റെക്കോര്‍ഡുകള്‍ തിരുത്തുമെന്നുറപ്പാണ്.

സിനിമാ രംഗത്തു നിന്നും നിരവധിപേര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി. ‘മഹാരാജ’മൗലിയെന്നായിരുന്നു ശങ്കറിന്റെ അഭിനന്ദനം, റാം ചരണ്‍ തകര്‍ത്തുവെന്ന് അല്ലു അര്‍ജുന്‍, ഇമോഷണല്‍ മാസ്സ് എന്റെര്‍റ്റൈനെര്‍ എന്ന് അറ്റ്‌ലി അഭിപ്രായം രേഖപ്പെടുത്തി.

കേരളത്തിലെ താരങ്ങളില്‍ നിന്നും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. പൃഥ്വിരാജ്,മഞ്ജു വാര്യര്‍, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തിനും രാജമൗലിക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് അഭിപ്രായം രേഖപ്പെടുത്തിയത്. എച്ച് ആര്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്.