ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. മൂന്ന് പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്.

ആയുധങ്ങളുമായെത്തിയ ഭീകരര്‍ പൊലീസ് എയ്ഡ് പോസ്റ്റിന് നേരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് പൊലീസുകാരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. തുടര്‍ന്ന് പൊലീസ് ശക്തമായി തിരിച്ചടിച്ചെങ്കിലും ഭീകരര്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

സദര്‍ ഏരിയയിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ 10 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഭീകരര്‍ സൈന്യത്തിന് നേരെ ഗ്രനേഡ് ആക്രമണം നടത്തിയത്. പരിക്കേറ്റ ജവാന്‍മാരെ അനന്ത്‌നാഗിലേയും ശ്രീനഗറിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.