കന്നുകാലി വില്‍പ്പനക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പരസ്യമായി കന്നുകുട്ടിയെ അറുത്ത് പ്രതിഷേധിച്ചതിന്റെ പേരില്‍ അച്ചടക്കനടപടി നേരിട്ട യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡണ്ട് റിജില്‍ മാക്കുറ്റി വീണ്ടും പാര്‍ട്ടിയില്‍. ഒരു വര്‍ഷത്തിനു ശേഷമാണ് റിജിലിനെ കോണ്‍ഗ്രസ് ഔദ്യോഗികമായി തിരിച്ചെടുത്തത്. സി.പി.എമ്മുകാരാല്‍ കൊലചെയ്യപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ ഖബറിടത്തില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടാണ് റിജില്‍ പാര്‍ട്ടിയിലേക്കുള്ള പുനഃപ്രവേശം നടത്തിയത്.

ശുഹൈബിന്റെ ഖബര്‍ സന്ദര്‍ശിക്കുന്ന വീഡിയോ സഹിതം റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ:

ഒരു വര്‍ഷത്തിന് ശേഷം പാര്‍ട്ടിയിലേക്ക് ഔദ്‌ഗോയികമായി തിരിച്ചെടുത്തതിന് ശേഷം തുടങ്ങുകയാണ്. ഞങ്ങള്‍ ഈ പാര്‍ട്ടിയിലേക്ക് തിരിച്ച് വരണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചവരുടെ കൂട്ടത്തില്‍ നമ്മുടെ മുത്ത് ശുഹൈബ് ഇന്ന് നമ്മോടപ്പം ഈ ലോകത്തില്ല….
പക്ഷെ ശുഹൈബ് എന്നും നമ്മുടെ കൂടെ തന്നെ ജീവിക്കും. പള്ളിക്കാട്ടിലെ മൈലാഞ്ചിച്ചെടികളുടെ തണലില്‍ കിടന്നുറങ്ങുന്ന എന്റെ പൊന്ന് ശുഹൈബിന്റെ അരികില്‍ നിന്നും പോരാട്ടത്തിന് തുടക്കം കുറിക്കാം.

റിജില്‍ മാക്കുറ്റി, ജസ്റ്റിസണ്‍ ചാണ്ടിക്കൊല്ലി, ഷറഫുദ്ദീന്‍ എന്നിവരുടെ സസ്‌പെന്‍ഷന്‍ ചൊവ്വാഴ്ചയാണ് കെ.പി.സി.സി പിന്‍വലിച്ചത്. പാര്‍ട്ടിയില്‍ തങ്ങളുടെ ചുമതലകള്‍ ഇവര്‍ക്ക് നിര്‍വഹിക്കാമെന്ന് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു കൊണ്ട് അയച്ച കത്തില്‍ പറയുന്നു.