ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ മുസ്്ലിം അഭയാര്‍ത്ഥികളെ നാടുകടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ വാദിക്കാനെത്തുന്നത് പ്രമുഖ അഭിഭാഷകരുടെ നീണ്ട നിര. ഇതിഹാസ അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍, പ്രശാന്ത് ഭൂഷണ്‍, രാജീവ് ധവാന്‍, അശ്വിനി കുമാര്‍, കോലിന്‍ ഗോണ്‍സാല്‍വസ് എന്നിവരാണ് ഹര്‍ജിക്കാര്‍ക്കു വേണ്ടി വാദം നിരത്താന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിനു മുമ്പാകെയെത്തുക.

കേന്ദ്രത്തിനു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മാത്രമാണ് ഇതുവരെ വിഷയത്തില്‍ കോടതിയില്‍ ഹാജരായിട്ടുള്ളത്. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് അറ്റോര്‍ണി ജനറല്‍ മലയാളിയായ കെ.കെ വേണുഗോപാല്‍ കൂടി അടുത്ത തവണ കോടതിയില്‍ ഹാജരാകും. ഒക്ടോബര്‍ മൂന്നിനാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.

ഇന്ന് കോടതിയില്‍ സംഭവിച്ചത്

വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് നോട്ടീസയക്കണമെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ ധവാനും ഭൂഷണും ആവശ്യപ്പെട്ടു. ഈ വേളയില്‍ ‘ ഇതിന്റെ നിയമവശമെന്തെന്നു നോക്കട്ടെ. ഇപ്പോള്‍ നോട്ടീസ് പുറപ്പടുവിക്കുന്നത് നേരത്തെയാകും’ എന്നായിരുന്നു ചീഫ് ജസ്റ്റിസ് മിശ്രയുടെ പ്രതികരണം. മുന്‍ ചീഫ് ജസ്്റ്റിസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ വിഷയത്തില്‍ ഇടപെട്ടിരുന്നു. തിരിച്ചയക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. മാനുഷിക തലം പരിഗണിച്ചും മ്യാന്മറില്‍ അവര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ പരിഗണിച്ചും അവരെ നാടുകടത്തരുത് എന്നാകും കമ്മീഷന്‍ ആവശ്യപ്പെടുക.

Image result for rohingya

യഥാര്‍ത്ഥ ഹര്‍ജിക്കാര്‍

യു.എന്‍ ഹൈക്കമ്മീഷന്‍ ഫോര്‍ റഫ്യൂജീസി(യു.എന്‍.എച്ച്.സി.ആര്‍)ന്റെ അഭയാര്‍ത്ഥി രേഖകളുള്ള മുഹമ്മദ് സലീമുല്ല, മുഹമ്മദ് ഷാഖിര്‍ എന്നിവരാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. പ്രശാന്ത് ഭൂഷണ്‍, കോളിന്‍ ഗോണ്‍സാല്‍വസ് എന്നിവര്‍ മുഖേനയാണ് ഇവര്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. റോഹിന്‍ഗ്യകളെ നാടുകടത്താന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയെന്ന 2017 ഓഗസ്റ്റ് 14ലെ റോയിട്ടേഴ്‌സ് വാര്‍ത്തയാണ് ഹര്‍ജിക്ക് ആധാരം. ഭരണഘടനയുടെ വകുപ്പ് 14, 21, 51 (സി) എന്നിവയ്ക്ക് വിരുദ്ധമാണ് നാടുകടത്തില്‍ എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. മതത്തിന്റെ പേരിലാണ് തങ്ങള്‍ വിവേചനം നേരിടുന്നതെന്നും ഹര്‍ജി കുറ്റപ്പെടുത്തുന്നു. ടിബറ്റിലെയും മറ്റും അഭയാര്‍ത്ഥികളോട് സര്‍ക്കാര്‍ അനുഭാവം പ്രകടിപ്പിക്കുമ്പോള്‍ തങ്ങള്‍ വിവേചനത്തിന്റെ ഇരകളാണ്. ദരിദ്രരും മുസ്്‌ലിംകളുമായതു കൊണ്ടാണ് ഇതു സംഭവിക്കുന്നത്. അന്ധമായ വംശീയ നിലപാടാണ് സര്‍ക്കാറിന്റേത്-ഹര്‍ജയില്‍ പറയുന്നു. തീവ്രവാദം ആരോപിക്കപ്പെട്ട ജമ്മു കശ്മീരിലെ ഏഴായിരം വരുന്ന അഭയാര്‍ത്ഥികളില്‍ ഒരാള്‍ക്ക് പോലും ഭീകരസംഘടനയുമായി ബന്ധമില്ലെന്നും തങ്ങളുടെ എല്ലാ രേഖകളും കശ്മീര്‍ പൊലീസിന്റെ പക്കലുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

Image result for rohingya

മറ്റു രണ്ട് ഹര്‍ജിക്കാര്‍

റോഹിന്‍ഗ്യകളെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍ ആര്‍.എസ്.എസ് ആചാര്യന്‍ കെ.എന്‍ ഗോവിന്ദാചാര്യയും ചെന്നൈ ആസ്ഥാനമായ ഇന്‍ഡിക് കളക്ടീവ് ട്രസ്റ്റ് എന്ന സ്ഥാപനവും ഹര്‍ജി നല്‍കിയിട്ടുണ്ട്. രാജ്യത്തെ മറ്റൊരു വിഭജനത്തിലേക്ക് നയിക്കുമെന്നാണ് ഗോവിന്ദാചാര്യ ഹര്‍ജിയില്‍ ആരോപിക്കുന്നത്. റോഹിന്‍ഗ്യ സമുദായത്തെ ഉപയോഗിച്ച് അല്‍ ഖാഇദ ഭീകരതയ്ക്ക് ശ്രമിക്കുന്നുണ്ട്. അവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ ഭരണഘടപരമായി യാതൊരു അവകാശവുമില്ല- ഹര്‍ജിയില്‍ പറയുന്നു.
ഇന്ത്യയ്ക്ക് സാമൂഹിക-സാമ്പത്തിക-സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ് റോഹിന്‍ഗ്യകള്‍ എന്നാണ് ഇന്‍ഡിക് കളക്ടീവ് ട്രസ്റ്റിന്റെ ഹര്‍ജി കുറ്റപ്പെടുത്തുന്നത്. റോഹിന്‍ഗ്യന്‍ സംഘര്‍ഷം നിസ്സംശയം ഒരു മാനുഷിക ദുരന്തമാണ്. യു.എന്‍ പോലും ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുണ്ട്. പ്രശ്‌നം ആ രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ (മ്യാന്മര്‍) വെച്ചാണ് പരിഹരിക്കപ്പെടേണ്ടത്. – ട്രസ്റ്റിനു വേണ്ടി അഭിഭാഷകരായ സുവിദത്ത് സുന്ദരം, ജെ. സായ്ദീപക് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

Image result for rohingya in india

ഇന്ത്യയിലെ അഭയാര്‍ത്ഥികള്‍ 3 ലക്ഷം

30 രാഷ്ട്രങ്ങളില്‍ നിന്നായി ഏകദേശം മൂന്ന് ലക്ഷം അഭയാര്‍ത്ഥികള്‍ ഇന്ത്യയില്‍ താമസിക്കുന്നു.
യു.എസ്, യു.കെ, ഫ്രാന്‍സ്, ജര്‍മനി, ഓസ്‌ട്രേലിയ തുടങ്ങിയ സമ്പന്ന രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളും ഇന്ത്യയിലുണ്ട്.

2016 മാര്‍ച്ചില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പാര്‍ലമെന്റില്‍ നല്‍കിയ കണക്കു പ്രകാരം 2,89,394 അഭയാര്‍ത്ഥികളാണ് ഇന്ത്യയിലുള്ളത്. 2014 ഡിസംബര്‍ 31 വരെയുള്ള കണക്കാണിത്. ഇതില്‍ റോഹിന്‍ഗ്യകള്‍ ഉള്‍പ്പെട്ടിട്ടില്ല.

ശ്രീലങ്കയില്‍ നിന്നാണ് രാജ്യത്തെ കൂടുതല്‍ അഭയാര്‍ത്ഥികള്‍. ലങ്കയിലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് പലായനം ചെയ്തവരാണിവര്‍. ഇവര്‍ ഒരു ലക്ഷത്തിലേറെ വരും. 1962ല്‍ ടിബറ്റില്‍ നിന്ന് ഇന്ത്യയിലെത്തിയത് അറുപതിനായിരത്തോളം പേരാണ്. (സര്‍ക്കാര്‍ കണക്കുപ്രകാരം 58155 പേര്‍).

പാകിസ്താനില്‍ നിന്ന് 8799 പേരും ബംഗ്ലാദേശില്‍ നിന്ന് ഒരുലക്ഷത്തോളം പേരും ഇന്ത്യയില്‍ അഭയാര്‍ത്ഥികളാണ്.  തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളുള്ളത് 10,2478 പേര്‍. ഡല്‍ഹിയില്‍ 10161 ഉം ഉത്തരാഖണ്ഡില്‍ 11768 ഉം അഭയാര്‍ത്ഥികളുണ്ട്. ഛത്തീസ്ഗഡില്‍ 62890 അഭയാര്‍ത്ഥികള്‍ താമസിക്കുന്നു. ഗോവയിലും ചണ്ഡീഗഡിലുമാണ് അഭയാര്‍ത്ഥികള്‍ കുറവ്. ഗോവയില്‍ മൂന്നു പേരും ചണ്ഡീഗഡില്‍ ഒരാളും.

1980കളുടെ അവസാനത്തിലും 1990കളിലെ തുടക്കത്തിലും മ്യാന്മറില്‍ നിന്ന് ധാരാളം അഭയാര്‍ത്ഥികളെത്തി.  120,000 ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ ഇപ്പോള്‍ ഇന്ത്യയിലുണ്ട് എന്നാണ് അനൗദ്യോഗിക കണക്ക്. ഹിമാചലിലെ ധര്‍മശാലയില്‍ ഇവര്‍ക്ക് മാത്രമായി ഒരു കേന്ദ്രമുണ്ട്.

 

നിയമം എന്തു പറയുന്നു

ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികള്‍ക്ക് ഇടം നല്‍കുന്ന രാഷ്ട്രമാണെങ്കിലും ഇവര്‍ക്കായി ഇന്ത്യ പ്രത്യേകമായി നിയമങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. ഭരണഘടന ഇന്ത്യയില്‍ താമസിക്കുന്നവരെ രണ്ട് തരത്തിലാണ് സമീപിക്കുന്നത്. ഒന്ന് പൗരന്‍, മറ്റൊന്ന് വിദേശി. നിയമപരമായി ഇന്ത്യയില്‍ താമസിക്കുന്ന ഒരാള്‍ ഒന്നുകില്‍ പൗരനും അല്ലെങ്കില്‍ 1946ലെ ഫോറിനേഴ്‌സ് ആക്ട് പ്രകാരം വിദേശിയുമാണ്. അഭയാര്‍ത്ഥികളുമായി ബന്ധപ്പെട്ട 1957ലെ യു.എന്‍ കണ്‍വെഷനിലും 1967ലെ പ്രൊട്ടോകോളിലും ഇന്ത്യ ഒപ്പുവെച്ചിട്ടില്ല. അതു കൊണ്ടു തന്നെ ഇവയിലെ നിയമങ്ങള്‍ പാലിക്കാന്‍ ഇന്ത്യയ്ക്ക് ബാധ്യതയില്ല.