ന്യൂഡല്‍ഹി: ഇന്ത്യയില്‍ താമസിക്കുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്താനുള്ള തീരുമാനത്തില്‍ തിങ്കളാഴ്ചക്കകം നിലപാട് വ്യക്തമാക്കണമെന്ന് മോദി സര്‍ക്കാറിനോട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് വിഷയത്തില്‍ ഇടപെട്ടത്.
പ്രശ്‌നത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിഞ്ഞ ശേഷം വിധി പ്രഖ്യാപിക്കാം എന്നാണ് കോടതി അറിയിച്ചത്.
അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണാണ് നാടുകടത്താനുള്ള സര്‍ക്കാര്‍ പദ്ധതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. മ്യാന്മറിലേക്ക് തിരിച്ചുപോകുന്നത് അവരുടെ ജീവിതം തന്നെ അപകടപ്പെടുത്തുമെന്നും അവരെ അഭയാര്‍ത്ഥികളായി ഇന്ത്യയില്‍ തങ്ങാന്‍ അനുവദിക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
ഇന്ത്യയില്‍ താമസിക്കുന്ന നാല്‍പ്പതിനായിരത്തോളം അഭയാര്‍ത്ഥികളെ മ്യാന്മറിലേക്ക് തന്നെ തിരിച്ചയക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതില്‍ 14000 പേര്‍ യു.എന്‍ ഏജന്‍സി അഭയാര്‍ത്ഥികളായി അംഗീകരിച്ചവരാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ഞു ഓഗസ്റ്റ് ഒമ്പതിന് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. അഭയാര്‍ത്ഥികള്‍ അനധികൃതമായാണ് ഇന്ത്യയില്‍ താമസിക്കുന്നത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്.
വിഷയത്തില്‍ ഓഗസ്റ്റ് 28ന് കേന്ദ്രമനുഷ്യാവകാശ കമ്മീഷനും കേന്ദ്രസര്‍ക്കാറിന് നോട്ടീസ് നല്‍കിയിരുന്നു.