ചണ്ഡീഗഡ്: ബലാത്സംഗക്കേസില്‍ 20 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് രോഹ്തകിലെ ജയിലില്‍ കഴിയുന്ന ദേര സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹിം സിങിന് 10 പേരെ കാണണമെന്ന് ആഗ്രഹം. വളര്‍ത്തു മകള്‍ ഹണിപ്രീത് ഇന്‍സാന്റെ പേരാണ് പട്ടികയില്‍ ആദ്യമുള്ളത്. പിന്നാലെ മക്കളുടെയും മരുമക്കളുടെയും പേരുണ്ട്. അതേസമയം, ഭാര്യ ഹര്‍ജീത് കൗറിന്റെ പേരില്ല. അമ്മ നസീബ് കൗര്‍, മകന്‍ ജസ്മീത് ഇന്‍സാന്‍, മരുമകള്‍ ഹുസന്‍പ്രീത് ഇന്‍സാന്‍, മകള്‍ അമര്‍പ്രീത്, മറ്റൊരു മകള്‍ ചരണ്‍ പ്രീത്, മരുമക്കളായ ഷാനെമീത്, റൂഹെ മീത്, ദേര മാനേജ്‌മെന്റ് ചെയര്‍പേഴ്‌സണ്‍ വിപാസന, മുന്‍ അനുയായി ദാന്‍ സിങ് എന്നിവരുടെ പേരുകളാണ് നല്‍കിയിട്ടുള്ളത്.
ചട്ടപ്രകാരം തനിക്ക് കാണാന്‍ ആഗ്രഹമുള്ളയാളെ ജയില്‍പ്പുള്ളിക്ക് അധികൃതരെ എഴുതി അറിയിക്കാം. ഇവരെയല്ലാതെ മറ്റൊരാളെയും സന്ദര്‍ശിക്കാന്‍ അനുവദിക്കില്ല. പൊലീസ് പരിശോധനകള്‍ നടന്ന ശേഷം മാത്രമേ ഇവര്‍ക്ക് സന്ദര്‍ശനാനുമതി നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ ജയില്‍ അധികൃതര്‍ തീരുമാനമെടുക്കൂ. പൊലീസ് വെരിഫിക്കേഷനില്‍ വിപാസനയെ മാത്രമേ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ റോഹ്തകിലെ സുനരിയ ജയിലിലെ 8647ാം നമ്പര്‍ തടവുകാരനാണ് ഗുര്‍മീത്്. പൂന്തോട്ടപരിപാലനമാണ് ജയിലിലെ ജോലി. നാല്‍പ്പത് രൂപയാണ് ദിനസശമ്പളം.
നേരത്തെ, തന്റെ കൂടെ ജയിലില്‍ താമസിക്കാന്‍ ഹണിപ്രീതിനും അവസരം നല്‍കണമെന്ന് ഗുര്‍മീത് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തന്റെ ഫിസിയോതെറാപിസ്റ്റും ഉഴിച്ചിലുകാരിയുമാണ് അവര്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് ഗുര്‍മീത് ഈ ആവശ്യം ഉന്നയിച്ചിരുന്നത്. എന്നാല്‍ കോടതി ആവശ്യം നിരസിക്കുകയായിരുന്നു.