ദുബായ്: യൂ.എസിന് മറുപടിയുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. മിസൈല്‍ നിര്‍മാണത്തില്‍ നിന്ന് യാതൊരു കാരണവശാലും പുറകോട്ടു പോകില്ലെന്ന പ്രഖ്യാപനവുമായാണ് റൂഹാനി രംഗത്തെത്തിയത്. യുഎസ് ജനപ്രതിനിധി സഭയില്‍ ഇറാനെതിരെയുള്ള പുതിയ ഉപരോധങ്ങളിന്‍മേല്‍ വോട്ടെടുപ്പു നടന്നതിനു പിന്നാലെയാണ് ഇറാന്‍ ഭരണാധികാരിയുടെ പ്രതികരണം.

മിസൈല്‍ നിര്‍മാണം രാജ്യാന്തര നിയമങ്ങളുടെ ലംഘനമായി കണക്കാക്കുന്നില്ലെന്നും റൂഹാനി വ്യക്തമാക്കി. ഇറാന്‍ മിസൈലുകള്‍ നിര്‍മിച്ചിട്ടുണ്ട്. അതു തുടരാന്‍ തന്നെയാണ് തീരുമാനം. ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുന്നതിനായി ഏതു ഗണത്തില്‍പ്പെടുന്ന ആയുധങ്ങളും ഇറാന്‍ വികസിപ്പിക്കുമെന്നും റൂഹാനി മുന്നറിയിപ്പ് നല്‍കി.

മിസൈല്‍ പരീക്ഷണങ്ങളുടെ പേരില്‍ നിലവില്‍ യുഎസ് ഏകപക്ഷീയമായി ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആണവായുധങ്ങള്‍ വഹിക്കാനാകുന്ന മിസൈലുകളുടെ നിര്‍മാണം ഇറാന്റെ ആലോചനയില്‍ പോലുമില്ലെന്നും റൂഹാനി ദുബായിയില്‍ അറിയിച്ചു.

ഇറാന്റെ ആണവ നയത്തോടുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാടിനെയും അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. യുഎസിന്റെ ദേശീയ താല്‍പര്യത്തിനു ചേരുന്നതല്ലെന്നു കാട്ടി ഇറാനുമായുള്ള ആണവ കരാറില്‍നിന്ന് പിന്മാറുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. മധ്യപൗരസ്ത്യ ദേശത്തെ ‘ഏകാധിപത്യം’ ഉറപ്പാക്കാന്‍ ഇറാന്‍ ശ്രമിക്കുകയാണെന്നും ഭീകരരെ പിന്തുണയ്ക്കുകയാണെന്നുമാണ് യുഎസിന്റെ നിലപാട്.

യുഎന്‍ പൊതുസഭയിലും ഇറാനെതിരെ ട്രംപ് വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. അക്രമവും രക്തച്ചൊരിച്ചിലുകളുമാണ് ഇറാന്റെ പ്രധാന കയറ്റുമതിയെന്നായിരുന്നു അന്നത്തെ വിമര്‍ശനം.