സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലുള്ള ശബരിമലയിലെ സ്ത്രീ പ്രവേശനം രാജ്യത്തിന്റെ തന്നെ ശ്രദ്ധാവിഷയമായ സാഹചര്യത്തില്‍ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധി പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കപ്പെടുകയാണ്. മതങ്ങളുടെ ആചാരാനുഷ്ഠാനങ്ങളില്‍ കോടതി ഇടപെടാതിരിക്കുന്നതാണ് നല്ലതെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ വിധിന്യായമുണ്ടായിരിക്കുന്നത്. മയിലാപൂര്‍ ശ്രീരംഗം മഠാധിപതിയായി യമുനാചാര്യര്‍ ചുമതലയേല്‍ക്കുന്നത് ചോദ്യം ചെയ്ത ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഒരുമതത്തിന്റെയും ആചാരങ്ങള്‍ക്കുമേല്‍ നിയമത്തിനു ആധിപത്യം സ്ഥാപിക്കാന്‍ കഴിയില്ലെന്നും ലക്ഷക്കണക്കിന് ഭക്തര്‍ കാത്തിരിക്കുന്ന ചടങ്ങ് എങ്ങനെയാണ് തടയുകയെന്നും ജസ്റ്റിസുമാരായ വി. പാര്‍ഥിപന്‍, കൃഷ്ണന്‍ രാമസാമി എന്നിവരടങ്ങിയ ബഞ്ച് ചോദിക്കുകയുണ്ടായി. ശ്രീരംഗ മീത്തിന്റെ പന്ത്രണ്ടാമത് മഠാധിപതിയാകുന്ന യമുനാചാര്യരുടെ പട്ടാഭിഷേകം ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മഠ വിശ്വാസിയായ എസ്. വെങ്കടവരദനാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കുമെങ്കിലും നാളെയും മറ്റന്നാളുമായി നടക്കുന്ന പട്ടാഭിഷേക ചടങ്ങുകള്‍ സ്റ്റേ ചെയ്യാനാകില്ലെന്നും കോടതി അറിയിക്കുകയുണ്ടായി.
സുപ്രീംകോടതി വിധിയുടെ പേരില്‍ സര്‍ക്കാറും ആചാരാനുഷ്ഠാനങ്ങളുടെ പേരില്‍ സംഘ് പരിവാര്‍ ശക്തികളും തുറന്ന യുദ്ധം പ്രഖ്യാപിച്ച് സംസ്ഥാനത്തെ യുദ്ധക്കളമാക്കി അതു വഴി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ നീതിപീഠത്തില്‍ നിന്നു തന്നെ ഉണ്ടായിരിക്കുന്ന ഈ വിധി ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്. സംസ്‌കൃത ചിത്തര്‍ എന്നു വിശേഷിക്കപ്പെടുന്ന കേരളത്തില്‍ പോലും വിശ്വാസവുമായി ബന്ധപ്പെട്ട ഒരു വിധി ഇത്രത്തോളം കോളിളക്കം സൃഷ്ടിക്കുന്നുവെങ്കില്‍ തമിഴ്‌നാടിനെപ്പോലെ അതിവൈകാരികമായി ചിന്തിക്കുന്ന ഒരു നാട്ടില്‍ വിധി മറിച്ചായിരുന്നുവെങ്കില്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതം അചിന്തനീയമാണ്. ഒരു മഠത്തിന്റെ അധിപന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങിനെ ആഘോഷപൂര്‍ണമാക്കാന്‍ ജനങ്ങള്‍ ഒരുങ്ങി നില്‍ക്കുന്ന സാഹചര്യത്തില്‍ അതിനു തടയിട്ടാലുണ്ടായേക്കാവുന്ന പ്രത്യാഘാതവും ഹരജി തള്ളുന്നതിന്റെ കാരണമായി കോടതി എടുത്തുപറയുന്നുണ്ട്. ഇവിടെയാണ് സുപ്രീം കോടതി വിധി ഗൗരവതരമായ ചര്‍ച്ചകള്‍ക്ക് വിഷയീഭവിപ്പിക്കേണ്ടതിന്റെ പ്രസക്തി പ്രകടമാവുന്നത്. ശബരിമല പോലെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ആരാധനാലയവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന വിധി വിശ്വാസികളെ സംബന്ധിച്ചടുത്തോളം ഏറെ ആശങ്കകള്‍ക്ക് വക നല്‍കുന്നതാണെന്ന കാര്യത്തില്‍ സംശയമില്ല. തങ്ങള്‍ ഇത്രയും കാലം അനുവര്‍ത്തിച്ചു പോന്ന രീതികള്‍ക്ക് പൊടുന്നനെയുണ്ടാവുന്ന പുന:ക്രമീകരണങ്ങള്‍ അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതിരിക്കുക എന്നത് സ്വാഭാവികമാണ്.
ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്ന പാരമ്പര്യമാണ് നമ്മുടെ രാജ്യത്തിന്റേത്. കാലങ്ങളായി ഒരു നാട്ടില്‍ നിലനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങളുടെ മേല്‍ മുകളില്‍ നിന്ന് അടിച്ചേല്‍പ്പിക്കപ്പെടുന്ന ഉത്തരവുകള്‍ എത്രമേല്‍ പ്രത്യാഘാതം ക്ഷണിച്ചുവരുത്തും എന്നത് നിലവിലെ സാഹചര്യങ്ങള്‍ രാജ്യത്തിന് ബോധ്യപ്പെടുത്തിത്തരുന്നുണ്ട്. സുപ്രീം കോടതി വിധിന്യായത്തില്‍ രേഖപ്പെടുത്തിയ വിയോജിപ്പില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. മാത്രവുമല്ല ഇത്തരം വിഷയങ്ങള്‍ കോടതിയുടെ പരിഗണനയിലേക്ക് കൊണ്ടു വരുന്നതിലെ അനൗചിത്യവും ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് കമാല്‍പാഷ നിരീക്ഷിച്ചത് പോലെ കോടതികളെ സംബന്ധിച്ചടുത്തോളം തെളിവുകള്‍ മാത്രമാണ് വിധിക്കാധാരം. മറ്റു പരിഗണനകള്‍ അപ്രസക്തമാണ്. ഈ യാഥാര്‍ത്ഥ്യമാണ് ഈയിടെ സുപ്രീംകോടതിയില്‍ നിന്നുണ്ടായ മറ്റു നിരവധി വിധികളിലും തെളിഞ്ഞു വരുന്നത്. രാജ്യത്തെ ലക്ഷക്കണക്കായ ജനങ്ങളുടെ ജീവിതം നിയമത്തിന്റെ നൂലാമാലകളില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ അവ മോചിപ്പിച്ചെടുക്കാനുള്ള വിലപ്പെട്ട സമയങ്ങളാണ് ഇത്തരം ഹര്‍ജികളിലൂടെ കവര്‍ന്നെടുക്കപ്പെടുന്നതെന്നതും ഇവ്വിഷയികമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
ശബരിമല വിഷയത്തിലുണ്ടായ സുപ്രീം കോടതി വിധിയേക്കാള്‍ അതിനോട് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ച സമീപനമാണ് സാഹചര്യം ഇത്രത്തോളം വഷളാക്കിയിരിക്കുന്നതെന്നത് ഏതൊരാള്‍ക്കും പ്രഥമ ദൃഷ്ട്യാ തന്നെ ബോധ്യമാകുന്നതാണ്. വിഷയത്തില്‍ പ്രതിസ്ഥാനത്തുള്ളത് സ്വാഭാവികമായും കേന്ദ്ര, സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന ബി.ജെ.പിയും സി.പി.എമ്മുമാണ്. രാജ്യത്തിന്റെ ഭരണഘടന തൊട്ട് സത്യം ചെയ്താണ് ഏതൊരു സര്‍ക്കാറും അധികാരത്തിലേറുന്നത്. സുപ്രീംകോടതി എന്ന രാജ്യത്തിന്റെ പരമോന്നത നീതിപീഠം ഒരു ഭരണഘടനാ സ്ഥാപനമാണ്. അവിടെ നിന്നും ഒരു വിധിയുണ്ടായാല്‍ അത് ഏറ്റവും ആദ്യം ഉള്‍ക്കൊള്ളേണ്ടതും കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കാന്‍ സൗകര്യം ചെയ്തു കൊടുക്കേണ്ടതും നിലവില്‍ കേന്ദ്രം ഭരിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന ബി.ജെ.പിയുടെ ഉത്തരവാദിത്തമാണ്. യഥാര്‍ത്ഥത്തില്‍ വിശ്വാസത്തിന്റെ മറപിടിച്ചുകൊണ്ടുള്ള ബി.ജെ.പിയുടെയും സംഘ്പരിവാര്‍ ശക്തികളുടേയും ഈ അഴിഞ്ഞാട്ടം അവരുടെ തന്നെ കഴിവുകേടിനോടുള്ള കൊഞ്ഞനം കുത്തല്‍ മാത്രമായി മാറുകയാണ്. ബി.ജെ.പിക്കും സംഘ്പരിവാര്‍ ശക്തികള്‍ക്കും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വിഷയത്തില്‍ പരിഹാരം കാണാന്‍ മണിക്കൂറുകളുടെ ആവശ്യം മാത്രമേയുള്ളൂ. സുപ്രീംകോടതി വിധിയെ ഒരു ഓര്‍ഡിനന്‍സ് കൊണ്ട് മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചാല്‍ നിഷ്പ്രയാസം സാധിക്കും. മറ്റു പലവിഷയങ്ങളിലും പാര്‍ലമെന്റിനെ അഭിമുഖീകരിക്കാന്‍ ഭയപ്പെട്ട് എണ്ണമറ്റ ഓര്‍ഡിനന്‍സുകള്‍ കൊണ്ടു വന്ന് ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ എന്ന ചീത്തപ്പേര് വരെ സമ്പാദിച്ച ഒരു ഭരണകൂടമാണ് രാജ്യം ഭരിക്കുന്നതെന്ന് കൂടി ഇവിടെ ചേര്‍ത്തുവായിക്കേണ്ടതുണ്ട്. സംസ്ഥാന ബി.ജെ.പി നേതൃത്വം നിരന്തരം ആവശ്യപ്പെടുന്ന റിവ്യൂ ഹര്‍ജിയും കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചാല്‍ സാധിക്കുന്നതേയുള്ളുവെന്നതും അവരുടെ സമീപനത്തിലെ കാപട്യം വ്യക്തമാക്കുന്നതാണ്.
സംസ്ഥാന സര്‍ക്കാറിന്റെയും സി.പി.എമ്മിന്റെയും സമീപനമാകട്ടെ ബി.ജെ.പിയുടെ ഹിഡണ്‍ അജണ്ടക്ക് വളം വെച്ച് കൊടുക്കുന്ന രീതിയിലുള്ളതാണ്. മുമ്പെങ്ങുമില്ലാത്ത വിധം സുപ്രീംകോടതി വിധിയോട് മുന്‍പിന്‍ നോക്കാതെ പ്രതികരിച്ചതിലൂടെ തന്നെ സര്‍ക്കാറിന്റെ ഉള്ളിലിരിപ്പ് ബോധ്യമാകുന്നുണ്ട്. ഇത്തരം നിര്‍ണായക ഘട്ടങ്ങളില്‍ തന്ത്രപരമായി ഇടപെടല്‍ നടത്തി ഇലക്കുംമുള്ളിനും കേടില്ലാതെ പ്രശ്‌നങ്ങള്‍ക്ക് രമ്യമായ പരിഹാരം കാണുക എന്നതിലാണ് ഒരു സര്‍ക്കാറിന്റെ മിടുക്ക്. അങ്ങനെയുള്ള നീക്കങ്ങളുണ്ടാവുമ്പോഴാണ് സര്‍ക്കാറിന്റെ ഇഛാ ശക്തി ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നതും ആ ഭരണാധികാരികള്‍ ഓര്‍ത്തുവെക്കപ്പെടുന്നതും. എന്നാല്‍ ലക്ഷക്കണക്കായ വിശ്വാസികളെ വേദനിപ്പിക്കുന്ന രീതിയില്‍ പ്രശ്‌നത്തെ സായുധമായി നേരിട്ട് കൈയ്യൂക്ക്‌കൊണ്ട് കാര്യം നേടിക്കളയാം എന്ന പ്രാകൃതവും ബുദ്ധിശൂന്യവുമായ സമീപനമാണ് ഇടതു സര്‍ക്കാര്‍ സ്വീകിരച്ചിരിക്കുന്നത്. അത്‌കൊണ്ട് തന്നെ ദിവസങ്ങള്‍ പിന്നിടും തോറും കാര്യങ്ങള്‍ സര്‍ക്കാറിന്റെ കരങ്ങളില്‍നിന്ന് വഴുതിപ്പോകുന്നതും തല്‍പരകക്ഷികള്‍ക്ക് മുതലെടുപ്പിനുള്ള അവസരം സൃഷ്ടിക്കപ്പെടുന്നതുമാണ് ദൃശ്യമാകുന്നത്. പൊലീസിനെ കയറൂരിവിട്ടിരിക്കുന്നതിനാല്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത രീതിയിലുള്ള ക്രമസമാധാന വീഴ്ചയും സംസ്ഥാനം കണ്ടുകൊണ്ടിരിക്കുകയാണ്.