ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സുപ്രിം കോടതിയെ സമീപിച്ച് ദേവസ്വം മുന്‍ സെക്രട്ടറി എസ്. ജയശ്രീ. ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. എന്നാല്‍ ആരോഗ്യകാരണങ്ങള്‍ കണക്കിലെടുത്ത് മൂന്‍കൂര്‍ ജാമ്യം വേണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ നാലാം പ്രതിയാണ് ജയശ്രീ.
ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറിയായ ജയശ്രീ മിനുട്‌സില്‍ തിരുത്തല്‍ നടത്തിയെന്നതാണ് കണ്ടെത്തല്‍. ചെമ്പ് പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടണമെന്നായിരുന്നു ഇവര്‍ മാറ്റം വരുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ജയശ്രീയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുന്നതിനിടയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.