സെയ്ഫ് അലിഖാന്‍- കരീന കപൂര്‍ ദമ്പതികളുടെ മകന്‍ തൈമൂര്‍ അലി ഖാന്‍ പട്ടോഡിയുടെ പേരാണിപ്പോള്‍ ബോളിവുഡിലെ വിവാദ വിഷയം. സൈഫീന മകന് ‘തൈമൂര്‍’ എന്ന് പേര് നല്‍കിയത് പലര്‍ക്കും പിടിച്ചില്ലന്നൊണ് കേള്‍ക്കുന്നത്. കഴിഞ്ഞ ദിവസമാണ് കരീന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറാണ് ഈ സന്തോഷം ട്വീറ്റ് ചെയ്തത്.

kareena-kapoor-saif-ali-khan-blessed-with-baby-boy-2

എന്നാല്‍ കുഞ്ഞിന്റെ പേരില്‍ പിടിച്ചായിരുന്നു തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം. താരദമ്പതികള്‍ക്ക് ‘ജിഹാദി’ പിറന്നെന്നായിരുന്നു തീവ്രഹിന്ദുക്കാരുടെ വിശേഷണം. കുഞ്ഞിന് തൈമൂര്‍ എന്ന് പേരിട്ടത് ശരിയായില്ലെന്നാണ് അവര്‍ പറയുന്നത്. പതിനാലാം നൂറ്റാണ്ടിന്റെ അവസാനം ഇന്ത്യയിലെ ഹിന്ദുക്കളെ കൂട്ടക്കൊല നടത്തിയ മദ്ധേഷ്യന്‍ ഭരണാധികാരിയായിരുന്ന തിമൂര്‍ എന്ന തിമൂര്‍ ബിന്‍ തരഘായ് ബര്‍ലാസിനെ ഓര്‍മിച്ചാണ് ദമ്പതികള്‍ ഈ പേരിട്ടതെന്നാണ് വാദം ഉയര്‍ന്നത്. മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച തരേഖ് ഫത്തേഹ് ആണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

കുഞ്ഞിന് ഈ പേരിട്ടതിലൂടെ ആ ക്രൂരനായ ഭരണാധികാരിയുടെ നടപടികളെ ആശ്ലേഷിക്കുകയാണ് ചെയ്യുന്നത്. പേരിട്ടതിനുപിന്നില്‍ ദമ്പതികളുടെ അഹങ്കാരമാണെന്നും അയാള്‍ പറയുന്നു. ഇത് ആശ്ചര്യപ്പെടുത്തിയെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഫത്തേഹ് പറയുന്നു. ഫത്തേഹിന്റെ വിമര്‍ശനത്തെ പിന്താങ്ങി മറ്റു പലരും രംഗത്തെത്തി. പലരും വളരെ മോശമായ രീതിയിലേക്കാണ് കുഞ്ഞിന്റെ പേര് വലിച്ചിഴച്ചിരിക്കുന്നത്.കരീനക്ക് സിക്കാ വൈറസ് ബാധിക്കട്ടെയെന്നും കുഞ്ഞ് ക്യാന്‍സര്‍ വന്ന് മരിക്കട്ടെയെന്നും മറ്റു പലരും പറയുന്നു. എന്നാല്‍ ഇങ്ങനെ ആശംസിക്കാന്‍ സംഘ്ശക്തികള്‍ക്ക് മാത്രമേ കഴിയൂവെന്നും ചിലര്‍ പ്രതികരിച്ചു. ഫത്തേഹിന്റേയും കൂട്ടരുടേയും പരാമര്‍ശങ്ങള്‍ക്കും വന്‍വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു.

ആദ്യ വിവാഹത്തില്‍ സെയ്ഫിന് സാറ, ഇബ്രാഹിം എന്നീ രണ്ടു കുട്ടികളുണ്ട്. അമൃത സിങ്ങായിരുന്നു മുന്‍ ഭാര്യ. ജീവിതത്തിലെ സുപ്രധാന നിമിഷമെന്നാണ് കുഞ്ഞ് ജനിച്ചപ്പോള്‍ സെയ്ഫ് പ്രതികരിച്ചത്. നേരത്തേയും ഇരുവരുടേയും വിവാഹത്തിന് നേരെ തീവ്രഹിന്ദുക്കളുടെ ആക്രമണമുണ്ടായിരുന്നു. ലൗജിഹാദെന്ന രീതിയിലുള്ള വിമര്‍ശനങ്ങളാണ് അന്നും പ്രത്യക്ഷപ്പെട്ടിരുന്നത്.