കൊച്ചി: കൊച്ചിയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സജന ഷാജിയ്ക്ക് ബിരിയാണിക്കട തുടങ്ങാന്‍ ജയസൂര്യ സാമ്പത്തികസഹായം നല്‍കും. വഴിയോരക്കച്ചവടം ചിലര്‍ മുടക്കിയതോടെ സജനയും കൂട്ടരും ദുരിതത്തിലായിരുന്നു.

സ്വന്തമായി വഴിയോരക്കച്ചവടം നടത്തി ജീവിക്കാന്‍ ശ്രമിച്ച സജനയ്ക്ക് നേരിടേണ്ടി വന്ന കൊടിയ പീഡനം വാര്‍ത്തയായിരുന്നു. കൊച്ചിയില്‍ വഴിയോര ബിരിയാണി കച്ചവടത്തിന് ഇറങ്ങിയ സജന ഷാജിയെയും കൂട്ടുകാരെയും മറ്റ് വഴിയോര കച്ചവടക്കാര്‍ ശാരീരികമായും മാനസികമായും തളര്‍ത്തിയെന്നും പൊലീസും സഹായിച്ചില്ലെന്ന് സജന ഷാജി പറഞ്ഞു.

കോട്ടയം സ്വദേശി സജ്‌ന ഷാജി 13 വര്‍ഷം മുന്‍പാണ് കൊച്ചിയിലെത്തുന്നത്. നിലനില്‍പിനായി ട്രെയിനില്‍ ഭിക്ഷയെടുത്ത് തുടങ്ങിയ ജീവിതം. വര്‍ഷങ്ങള്‍ക്കിപ്പുറം ഒരാള്‍ക്ക് മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജോലിയെടുത്ത് ജീവിക്കുന്ന സജ്‌നയെ കോവിഡ് പ്രതിസന്ധിയും തളര്‍ത്തിയിരുന്നില്ല. കൂടെ ഉള്ളവരുടെ കൂടി പട്ടിണി അകറ്റാനാണ് മൂന്ന് മാസം മുന്‍പ് തൃപ്പുണിത്തുറ ഇരുമ്പനത്ത് വഴിയോര ബിരിയാണി കച്ചവടം തുടങ്ങിയത്. സമീപത്ത് കച്ചവടം നടത്തിയിരുന്നവര്‍ തന്നെയാണ് സജ്‌നയുടെ കച്ചവടം നിര്‍ത്തിക്കാന്‍ ശ്രമിച്ചത്.