കൊച്ചി: ട്രാന്‍സ്‌ജെന്റര്‍ സജ്‌ന ഷാജിയുടെ ആത്മഹത്യ ശ്രമത്തിന് കാരണം ട്രാന്‍സ്‌ജെന്ററായ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റാണെന്ന് സുഹൃത്തുക്കള്‍. ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ് ജെന്റര്‍മാരായ അന്നയും രാഗ രഞ്ജിനിയും പറഞ്ഞു.

സജ്‌നയും തീര്‍ത്ഥയും തമ്മിലുളള ഫോണ്‍ സംഭാഷണം പുറത്തുവന്നത് ശരിയാണ്. പക്ഷേ, ആ ഓഡിയോ എഡിറ്റ് ചെയ്തിട്ടുണ്ടെന്ന് അന്ന പറയുന്നു. സജനയ്ക്ക് ലഭിക്കുന്ന തുക മറ്റൊരു സുഹൃത്തിന് കൂടി നല്‍കുന്ന കാര്യമാണ് പറയുന്നത്. പക്ഷേ ആ തുക ദ്വയ എന്ന സംഘടന തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ്. വളരെ ഉന്നതിയില്‍ സെലിബ്രിറ്റിയായി ജീവിക്കുന്നവരാണ് ദ്വയയിലെ ഭാരവാഹികള്‍. സജ്‌നയും സാമ്പത്തികമായി മുന്നേറാന്‍ ശ്രമം നടത്തിയപ്പോള്‍ അവരെ ഇല്ലായ്മ ചെയ്യുകയായിരുന്നു ലക്ഷ്യമെന്നും ഇവര്‍ ആരോപിക്കുന്നു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഞങ്ങളേപ്പോലെയുള്ള സ്ഥിതി മറ്റുള്ളവര്‍ അറിയുന്നില്ലെന്നും കുറ്റപ്പെടുത്തുന്നു. പുറത്തു വന്ന ഫോണ്‍ സംഭാഷണം സജ്‌നയുടേത് തന്നെയെന്ന് അവര്‍ സമ്മതിക്കുന്നുണ്ട്. ഫോണ്‍ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ സജനയ്ക്ക് നേരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതില്‍ മനംമടുത്താണ് സജന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യാഥാര്‍ത്ഥ്യം അറിയാതെയാണ് പലരും തന്നെ അവഹേളിക്കുന്നതെന്ന് സജന ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യാശ്രമം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് സജനയിപ്പോള്‍.