സര്‍വ്വത്ര കഷ്ടതയുടേതാണ് കോവിഡ് കാലം. സാമ്പത്തിക പ്രതിസന്ധി ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. വരുമാന നഷ്ടത്തോടൊപ്പം കോവിഡിനെ മറയാക്കി സര്‍ക്കാര്‍ ജീവനക്കാരെ ചൂഷണം ചെയ്യുകയാണ്. കോവിഡിന്റെ സാമ്പത്തിക ആഘാതം എല്ലാവര്‍ക്കും ഒരുപോലെയല്ല. സമ്പന്നര്‍ക്കും വന്‍കിട കമ്പനികള്‍ക്കും ലാഭവിഹിതത്തില്‍ മാത്രമാണ് ഇടിവ്. പണിയെടുത്ത് കുടുംബം പുലര്‍ത്തുന്നവരും എണ്ണിച്ചുട്ട അപ്പംകൊണ്ട് ജീവിതം തള്ളിനീക്കുന്ന ജീവനക്കാര്‍ പട്ടിണിയിലാണ്. ശമ്പളം വെട്ടിക്കുറക്കലും പിടിച്ചെടുക്കലും പിരിച്ചുവിടലുകളുമായി തൊഴില്‍ മേഖല പ്രക്ഷുബ്ധമായിരിക്കുന്നു. പാവപ്പെട്ടവന്റെയും ഇടത്തരക്കാരന്റെയും കഞ്ഞിയില്‍ മണ്ണിടുന്ന നീക്കങ്ങളാണ് നടക്കുന്നത്. പിച്ച ചട്ടിയില്‍ കയ്യിട്ട് വാരി സര്‍ക്കാരും തൊഴിലുടമകളും നിര്‍വൃതി കൊള്ളുന്നു. തൊഴിലാളിയുടെ വിയര്‍പ്പ് നക്കിക്കുടിച്ച് വയറുനിറക്കാനാണ് അധികാരികളുടെ ശ്രമം. കോവിഡ് വ്യാപനം തുടരുമ്പോഴും ജീവനക്കാരുടെ സഹകരണത്തോടെയാണ് ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. ഓണ്‍ലൈനിലൂടെ അധ്യാപകരും പഠനപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. വീട്ടിലിരിക്കുന്ന തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിച്ച് മിക്ക കമ്പനികളും പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നു. പക്ഷെ, തൊഴില്‍ നിയമങ്ങളെ അട്ടിമറിച്ച് സര്‍ക്കാരും സ്വകാര്യ കമ്പനികളും തൊഴിലാളികളെ കുത്തുപാള എടുപ്പിക്കുകയാണ്.
അധ്യാപകരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും ഒരു മാസത്തെ ശമ്പളം സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കി പിടിച്ചെടുത്തതിന് പിന്നാലെ മറ്റൊരു സാലറി കട്ടിനുകൂടി അണിയറനീക്കം തുടരുകയാണ്. ജീവനക്കാരെ ഏറെ തളര്‍ത്തുന്ന വാര്‍ത്തയാണിത്. ആദ്യത്തേതിന്റെ ദുരിതം തീര്‍ന്നിട്ടില്ല. അപ്പോഴാണ് മറ്റൊരു വെട്ടിപ്പിടുത്തുംകൂടി വരുന്നത്. ലോക്ക്ഡൗണുകളും അനുബന്ധ നിയന്ത്രണങ്ങളും കാരണം ജീവിതച്ചെലവ് വര്‍ധിച്ചിരിക്കുന്നു. നിത്യചെലവിന് പണം തികയാതെ കഷ്ടപ്പെടുകയാണ് എല്ലാവരും. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും തുച്ഛമായ വേതനം പറ്റുന്നവരാണ്. ശമ്പളം കട്ടു ചെയ്യുന്നതിന്മുമ്പ് തന്നെ തികയാത്ത സ്ഥിതിയാണ്. ദൈനംദിന ചെലവിന് പുറമെ, ചികിത്സ, ലോണ്‍ അടവ്, ചിട്ടികള്‍, പി.എഫ് ലോണടവുകള്‍ തുടങ്ങി ഭാരിച്ച സാമ്പത്തിക ചെലവുകള്‍ ജീവനക്കാര്‍ക്കുണ്ട്. പുതുതായി നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ ചേര്‍ന്ന ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് 10 ശതമാനം ഇപ്പോള്‍തന്നെ പിടിച്ചെടുക്കുന്നു. കോവിഡിന്റെ പേരില്‍ ശമ്പളം പിടിച്ചെടുക്കുക കൂടി ചെയ്യുന്നതോടെ ചെറിയ തുക മാത്രമേ കൈകളിലെത്തൂ. ഇതുകൊണ്ട് വേണം ജീവിത നൂലാമാലകളുടെ കുരുക്കഴിക്കാന്‍. കുടുംബത്തോടൊപ്പം വാടക വീട്ടില്‍ അന്തിയുറങ്ങുന്നവര്‍ ധാരാളമുണ്ട്. എല്ലാവരും ഒന്നിലേറെ വായ്പകളുള്ളവരാണ്. ശമ്പളം വെട്ടിക്കുറച്ചതോടെ അവയുടെ തിരിച്ചടവ് വഴിമുട്ടിയിരിക്കുന്നു. പലിശ കുന്നുകൂടി ഭൂരിഭാഗം ആളുകളും ജപ്തി ഭീഷണി നേരിടുന്നുണ്ട്.
കോവിഡിനെത്തുടര്‍ന്ന് നിര്‍മാണ, സേവന മേഖലകളെല്ലാം തളര്‍ന്നിരിക്കെ അല്‍പമെങ്കിലും വരുമാനമെത്തിയിരുന്നത് സര്‍ക്കാര്‍ ജീവനക്കാരന്റെ കൈകളിലാണ്. അവര്‍ ചെലവഴിക്കുന്ന പണം സമ്പദ്ഘടനക്ക് ഉത്തേജനം പകരുമായിരുന്നു. ശമ്പളം വെട്ടിക്കുറച്ച് ഉദ്യോഗസ്ഥരെ ദാരിദ്ര്യത്തിലേക്ക് തള്ളുന്നതോടെ സാമ്പത്തികമാന്ദ്യം രൂക്ഷമാകുകയാണ് ചെയ്യുക. കേന്ദ്രത്തില്‍ ബി.ജെ.പി ഭരണകൂടവും കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരും തൊഴിലാളിദ്രോഹം പ്രവര്‍ത്തന പദ്ധതിയാക്കിയിരിക്കുന്നു. നാലര വര്‍ഷമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജീവനോപാധി നഷ്ടപ്പെട്ട് ജനങ്ങള്‍ ദുരിതത്തില്‍ കഴിയുമ്പോള്‍ ആശ്വാസം പകരേണ്ട സര്‍ക്കാരിപ്പോള്‍ പിടിച്ചുപറിക്കാനായി മാറിയിരിക്കുന്നു. ഒന്നര വര്‍ഷമായി കുടിശ്ശികയുള്ള ക്ഷാമബത്ത നല്‍കുന്നില്ല. ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ മരവിപ്പിച്ചിരിക്കുന്നു. ശമ്പളത്തില്‍നിന്ന് പിടിച്ചെടുക്കുന്ന തുക പി.എഫില്‍ ലയിപ്പിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം ശുദ്ധ തട്ടിപ്പാണ്. അടുത്ത തവണ ഭരണം കിട്ടില്ലെന്ന് ഉറപ്പായിരിക്കെ പുതിയ സര്‍ക്കാരിനുമേല്‍ വലിയൊരു സാമ്പത്തിക ബാധ്യത കെട്ടിവെക്കാനാണ് ഇത്തരമൊരു കെണിയൊരുക്കുന്നത്.
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ സ്ഥിതിയും ഏറെ ദയനീയാണ്. സ്വേച്ഛാധിപത്യ രീതിയിലാണ് ഭൂരിഭാഗം മാനേജ്‌മെന്റുകളും പെരുമാറുന്നത്. തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി തൊഴിലാളിയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു. അടിമകളെപ്പോലെയാണ് തൊഴിലാളികളെ കാണുന്നത്. കോവിഡ് വ്യാപിച്ചു തുടങ്ങിയതു മുതല്‍ സ്വകാര്യ മേഖലയില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത്. രോഗം പടര്‍ന്നുപിടിക്കുന്നതിന് മുമ്പ് തന്നെ പല കമ്പനികളും പിരിച്ചുവിടല്‍ ആരംഭിച്ചിരുന്നു. നിര്‍ബന്ധിച്ച് രാജിവെപ്പിക്കുന്നു. അനേകം കമ്പനികള്‍ ഏകപക്ഷീയമായാണ് ശമ്പളം വെട്ടിക്കുറച്ചത്. കണക്കുകളില്‍ കൃത്രിമം കാട്ടി നഷ്ടക്കണക്കുണ്ടാക്കാന്‍ മാനേജ്‌മെന്റുകള്‍ മിടുക്കരാണെന്നിരിക്കെ ലാഭവും സാമ്പത്തിക പുരോഗതിയും മറച്ചുവെക്കാന്‍ അനായാസം സാധിക്കും. ലോക്ക്ഡൗണ്‍ കാലയളവില്‍ ശമ്പളം വെട്ടിക്കുറക്കാനോ ജീവനക്കാരെ പിരിച്ചുവിടാനോ പാടില്ലെന്ന് മാര്‍ച്ച് 20ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നെങ്കിലും കമ്പനികള്‍ അതെല്ലാം കാറ്റില്‍ പറത്തിയിരിക്കുകയാണ്. വറുതിയുടെ കാലത്ത് ജീവനക്കാര്‍ക്ക് ആശ്വാസം പകരാനാണ് സര്‍ക്കാരും മാനേജ്‌മെന്റുകളും ശ്രദ്ധിക്കേണ്ടത്. അക്കാര്യത്തില്‍ പല വിദേശ കമ്പനികളും മാതൃകയാണ്. ഫ്രഞ്ച് കമ്പനിയായ ക്യാപ് ജെമിനൈയും കോഗ്നിസന്റ് എന്ന യു.എസ് കമ്പനിയും ഇന്ത്യന്‍ ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചുകൊടുത്തത് ഉദാഹരണം. ഇത്തരം മനുഷ്യത്വവും ധാര്‍മ്മികതയുമൊന്നും ആധുനിക ഭരണകൂടങ്ങള്‍ക്കില്ല.
നാളെ സര്‍ക്കാര്‍ സാലറി കട്ടുമായി ബന്ധപ്പെട്ട് സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. എപ്പോഴും ദാരിദ്ര്യം മാത്രം പറയുന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിലാണ് യോഗം. സര്‍ക്കാര്‍ അനുകൂല സംഘടനകളും പ്രതിപക്ഷ സംഘടനകളുമെല്ലം യോഗത്തിനുണ്ട്. ഈ യോഗം കേവലമായൊരു ചടങ്ങായി മാറരുത്. ജീവനക്കാരുടെ ആത്മാര്‍ത്ഥയെ ചോദ്യം ചെയ്യുന്ന സര്‍ക്കാര്‍ സാലറി കട്ട് പൂര്‍ണമായും പിന്‍വലിക്കണം. ജീവനക്കാരില്‍ നിന്ന് പിരിച്ചെടുക്കുന്ന പണം പി.എഫില്‍ ലയിപ്പിക്കുമെന്ന വാഗ്ദാനമെല്ലാ പൊള്ളയാണ്. നാടിനെ സാമ്പത്തിക ദാരിദ്ര്യത്തിലേക്ക് തള്ളി വിട്ടത് ആരാണ്…? സര്‍ക്കാര്‍ തന്നെ… മുഖ്യമന്ത്രിക്ക് എത്ര ഉപദേശകരുണ്ട്..? ഇവര്‍ക്കായി ചെലവഴിക്കുന്ന തുകയെത്രയാണ്. ഈ ഉപദേശകരുടെ സാന്നിദ്ധ്യത്തിലാണ് നാട്ടില്‍ സ്വര്‍ണക്കടത്ത് വ്യാപിക്കുന്നത്. ലൈഫ് മിഷനിലുടെ പലരും കോടികള്‍ തട്ടുന്ത്. കണ്‍സല്‍ട്ടന്‍സികള്‍ നാട് വാഴുന്നത്. മന്ത്രിമാര്‍ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയരാവുന്നത്. ഈ കോവിഡ് കാലത്തും എന്തെല്ലാമാണ് മറ്റ് ചെലവുകള്‍..? സര്‍ക്കാര്‍ തന്നെ നാടിന്റെ കുഴി തോണ്ടുമ്പോള്‍ അതിന്റെ പാപഭാരം ജീവനക്കാരിലേക്ക് അടിച്ചേല്‍പ്പിക്കരുത്.