സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശത്തിന്റെ പേരില്‍ പുലിവാല്‍ പിടിച്ച അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് തന്നെ ഡേറ്റ് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട കഥ പറഞ്ഞ് ഹോളിവുഡ് നടിയും മോഡലുമായ സല്‍മാ ഹായക്. ഒരു സ്പാനിഷ് റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് സല്‍മയുടെ വെളിപ്പെടുത്തല്‍. ട്രംപ് എന്നെയും ‘വളക്കാന്‍’ ശ്രമിച്ചു, ഞാന്‍ പിടികൊടുത്തില്ല: സല്‍മ ഹായക്

സല്‍മയുടെ വാക്കുകള്‍:

‘ഞാന്‍ ആ മനുഷ്യനെ (ട്രംപിനെ) കാണുമ്പോള്‍ എനിക്കൊരു ആണ്‍സുഹൃത്ത് ഉണ്ടായിരുന്നു. എന്റെ വീട്ടിലെ ടെലിഫോണ്‍ നമ്പര്‍ കിട്ടുന്നതിനു വേണ്ടി അയാള്‍ എന്റെ സുഹൃത്തുമായി ചങ്ങാത്തം കൂടി. നമ്പര്‍ സ്വന്തമാക്കിയ ട്രംപ് എന്റെ വീട്ടില്‍ വിളിച്ചു. ഡേറ്റിങ്ങിനായി പുറത്തു പോകാമോ എന്ന് ചോദിച്ചു.’

‘പറ്റില്ലെന്നായിരുന്നു എന്റെ മറുപടി. എനിക്ക് ബോയ്ഫ്രണ്ട് ഇല്ലെങ്കില്‍ പോലും താങ്കളുമായി ഡേറ്റ് ചെയ്യാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി.’

‘അതിനിടെയാണ് നാഷണല്‍ എന്‍കൈ്വറര്‍ പത്രത്തില്‍ എന്നെയും ട്രംപിനെയും ചേര്‍ത്ത് ഒരു വാര്‍ത്ത വന്നത്. ഞാന്‍ ഡേറ്റിനായി ട്രംപിനെ സമീപിച്ചെന്നും എന്റെ ഉയരം വളരെ കുറവായതിനാല്‍ നിരസിച്ചു എന്നുമായിരുന്നു വാര്‍ത്ത.’ വാര്‍ത്തക്കു പിന്നില്‍ ട്രംപ് ആണെന്നാണ് തന്റെ വിശ്വാസമെന്ന് സല്‍മ ഹായക് കൂട്ടിച്ചേര്‍ത്തു.

‘പിന്നീട് അയാള്‍ എനിക്കൊരു സന്ദേശമയച്ചു: നിങ്ങള്‍ക്കിത് വിശ്വസിക്കാനാവുമോ? ആരാണ് ഇങ്ങനെയൊക്കെ പറയുക? നിങ്ങളെപ്പറ്റി ആളുകള്‍ ഇങ്ങനെയൊക്കെ കരുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നൊക്കെയായിരുന്നു സന്ദേശം.’

‘വാര്‍ത്ത തെറ്റാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഞാന്‍ അയാള്‍ക്കൊപ്പം ഡേറ്റിനു പോകുമെന്ന് ട്രംപ് കരുതിയിട്ടുണ്ടാവും.’ 50-കാരി പറയുന്നു.

അഭിനേത്രിയും പ്രൊഡ്യുസറും മുന്‍ മോഡലുമായ സല്‍മ ഹായക് ഓസ്‌കര്‍, ബാഫ്ത, സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ്, ഗോള്‍ഡന്‍ ഗ്ലോബ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ലെബനീസ് വംശജനായ പിതാവിന്റെയും മെക്‌സിക്കോകാരിയായ മാതാവിന്റെ മകളായ സല്‍മ നിലവില്‍ അമേരിക്കന്‍ പൗരയാണ്.