റാമല്ല: ഇസ്രയേലിന്റെ തടവില്‍ കഴിയുന്ന പലസ്തീനികളുടെ നിരാഹാര സമരത്തിന് പിന്തുണ നല്‍കി പലസ്തീന്‍ ജനതയുടെ സാള്‍ട്ട് വാട്ടര്‍ ചലഞ്ച്.

ആതുരസേവനങ്ങളടക്കം മതിയായ സൗകര്യങ്ങള്‍ അനുവദിച്ച് കിട്ടുക എന്ന ആവശ്യവുമായി ഏപ്രില്‍ 17നാണ് പലസ്തീനി തടവുകാര്‍ നിരാഹാര സമരമാരംഭിച്ചത്. സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വേണ്ടിയുള്ള സമരമെന്നാണ് ഇതിനെ വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. എട്ട് തടവറകളിലായി 1,500 പലസ്തീനികളാണ് സമരവുമായി രംഗത്തെത്തിയിരുന്നത്.

പലസ്തീനി തടവുപുള്ളികളുടെ സമരത്തിന് പിന്തുണയുമായാണ് സാള്‍ട്ട് വാട്ടര്‍ ചലഞ്ച് എന്ന പേരില്‍ ഒരു നീക്കം പലസ്തീന്‍ ജനത ഏറ്റെടുത്തത്. ഉപ്പ് വെള്ളം കുടിച്ച് സമരപിന്തുണ അറിയിക്കുന്ന വീഡിയോയിലൂടെ സമരം ഏറ്റെടുത്ത് വിജയിപ്പിക്കാനുള്ള ആഹ്വാനവുമുണ്ട്. ഇപ്പോള്‍ വൈറലായിക്കഴിഞ്ഞിരിക്കുന്ന ഈ നീക്കം 2014ല്‍ ശ്രദ്ധേയമായ ഐസ് ബക്കറ്റ് ചല്ഞ്ചിന് സമാനമുള്ളതാണ്.

പലസ്തീനി ജനതയുടെ വന്‍പിന്തുണയുള്ള മര്‍വാന്‍ ബര്‍ഗോട്ടിയാണ് ഇത്തരമൊരു സമരം സംഘടിപ്പിച്ചത്. മര്‍വാന്‍ ബര്‍ഗോട്ടിയുടെ മകന്‍ ആറബ് ബര്‍ഗോട്ടിയാണ് ആദ്യമായി ഉപ്പുവെള്ളം കുടിച്ചും പിന്തുണക്കാന്‍ ആവശ്യപ്പെട്ടും വീഡിയോ പോസ്റ്റ് ചെയ്തത്. വന്‍ സ്വീകാര്യതയാണ് സാള്‍ട്ട് വാട്ടര്‍ ചലഞ്ചിന് പലസ്തീന്‍ ജനതയടക്കമുളളവരില്‍ നിന്നും ലഭിച്ചത്.

്അതേസമയം, തടവുകാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍ അധികൃതര്‍.

24 തടവറകളിലായി 300 കുട്ടികളും 57 സ്ത്രീകളുമടക്കം 6.500ലേറെ പലസ്തീനികള്‍ ഇസ്രയേലില്‍ തടവില്‍ കഴിയുന്നുവെന്നാണ് പലസ്തീന്‍ വാര്‍ത്താമന്ത്രാലയം അറിയിക്കുന്നത്.