കല്‍പ്പറ്റ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്രസകള്‍ റമസാന്‍ അവധി കഴിഞ്ഞ് നാളെ (ജൂണ്‍ 23ന്) തുറക്കും. മദ്രസകള്‍ തുറക്കാനുള്ള മുഴുവന്‍ സംവിധാനങ്ങളും മഹല്ല്-മദ്രസ കമ്മിറ്റികള്‍ തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. നവാഗതരെ സ്വീകരിക്കാനുള്ള വിവിധ പരിപാടികളും കമ്മിറ്റികള്‍ സജ്ജീകരിച്ചിട്ടുണ്ട്.

പന്ത്രണ്ട് ലക്ഷം കുട്ടികളും ഒരു ലക്ഷത്തോളം അധ്യാപകരും 105 പരിശോധകരും ഉള്‍ക്കൊള്ളുന്ന ഏറ്റവും വലിയ മദ്‌റസ സംവിധാനമാണ് പുതിയ അധ്യയന വര്‍ഷത്തിന് വേണ്ടി തയാറെടുക്കുന്നത്.

മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തായി കൂടുതല്‍ പുതുമയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ അധ്യായന വര്‍ഷം ജംഇയ്യത്തുല്‍മുഅല്ലിമീന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത്തവണ ആറ്, ഏഴ് ക്ലാസ്സുകളിലെ പാഠ പുസ്തകങ്ങള്‍ മാറിയിട്ടുണ്ട്. പാഠ്യപദ്ധതി പരിഷ്‌കാരത്തിന്റെ ഭാഗമായുള്ള അധ്യാപക പരിശീലനം ജൂലായി 31നകം പൂര്‍ത്തീകരിക്കും.

സമസ്ത കേരളാ ഇസ്‌ലാംമത ബോര്‍ഡിന് കീഴില്‍ കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും യു.എ.ഇ, സഊദി അറേബ്യ, ബഹ്റൈന്‍, ഒമാന്‍, കുവൈത്ത്, ഖത്തര്‍, മലേഷ്യ എന്നീ വിദേശ രാജ്യങ്ങളിലും അന്തമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലുമായി 9814 മദ്റസകളാണുള്ളത്.

മത വിജ്ഞാനങ്ങളുടെ പവിത്രമായ പൈതൃകം കാത്തുസൂക്ഷിക്കുകയും പാരമ്പര്യത്തനിമയോടെ പുതു തലമുറക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുക എന്ന മഹിതമായ ദൗത്യമാണ് 1951 ല്‍ രൂപം കൊണ്ട സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡും 1959ല്‍ രൂപം കൊണ്ട ജംഇയ്യത്തുല്‍ മുഅല്ലിമീനും നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. സമസ്തക്കു കീഴിലെ പതിനായിരത്തോളം മദ്രസകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പുരോഗതിക്കു വേണ്ട ബഹുമുഖമായ പുതിയ മാര്‍ഗങ്ങള്‍ നടപ്പാക്കുന്നതും ഈ സംഘടനകളാണ്.

മൂല്യ ശോഷണം മൂലം സംഭവിച്ചേക്കാവുന്ന ഭീഷണമായ സാംസ്‌കാരികാപകടവും ധര്‍മച്യുതിയും സമുദായത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെ ബോധ്യപ്പെടുത്താനും വിദ്യാര്‍ത്ഥികളുടെ നാനോന്മുഖ പുരോഗതിക്കാവശ്യമായ നയനിലപാടുകള്‍ രൂപീകരിക്കാനും മദ്രസ പ്രസ്ഥാനം പ്രചോദനമേകുന്നു