Culture
ഇടതു സര്‍ക്കാര്‍ പകപോക്കുന്നു; സബ്‌സിഡി നിഷേധത്തിനെതിരെ പരസ്യ പ്രതികരണവുമായി സനല്‍ കുമാര്‍ ശശിധരന്‍

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് (ഐ.എഫ്.എഫ്.കെ) സമാന്തരമായി ‘കാഴ്ച ഇന്‍ഡി ഫിലിം ഫെസ്റ്റ്’ സംഘടിപ്പിച്ചതിനും ഭരണകൂട വിമര്‍ശനം നടത്തിയതിനും ഇടതു സര്‍ക്കാര്‍ പകപോക്കുന്നതായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ‘ഉന്മാദിയുടെ മരണം’ എന്ന തന്റെ പുതിയ ചിത്രത്തിന് കെ.എസ്.എഫ്.ഡി.സി സബ്‌സിഡി നിഷേധിച്ചിരിക്കുകയാണെന്നും തനിക്കെതിരായ ഈ നീക്കം രാഷ്ട്രീയ പകപോക്കലാണെന്നും നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ‘ഒഴിവു ദിവസത്തെ കളി’, ‘എസ്. ദുര്‍ഗ’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ സനല്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ രൂപം:
പ്രിയപ്പെട്ട സിനിമാ പ്രവർത്തകരെ സാംസ്കാരിക നായകരെ,
വല്ലാത്ത നിരാശയോടെയാണ് ഇതെഴുതുന്നുന്നത്. വിഷയം എന്റെ “ഉന്മാദിയുടെ മരണം” എന്ന സിനിമയ്ക്ക് കെഎസ്എഫ്ഡിസി സബ്‌സിഡി നിഷേധിച്ചതാണ്. നിങ്ങളെല്ലാം കൂടി ശബ്ദമുയർത്തി സബ്‌സിഡി വാങ്ങിത്തന്നില്ലെങ്കിൽ എന്റെ സിനിമ മുടങ്ങിപ്പോകും എന്നതുകൊണ്ടാണ് ഞാനിങ്ങനെ എഴുതുന്നത് എന്ന് കരുതരുത് എന്ന് ആദ്യമേ അഭ്യർത്ഥിച്ചുകൊള്ളട്ടെ. കെഎസ്എഫ്ഡിസി സബ്‌സിഡി മുടങ്ങിയാൽ പൂട്ടിപ്പോകാവുന്നതിലും അപ്പുറത്തേക്ക് സിനിമയുടെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിച്ചത് കൊണ്ട് ഇനിയത് മുടങ്ങും എന്ന ആശങ്കയോ/- വേണ്ട. സബ്‌സിഡി വേണ്ട എന്ന് വെക്കൂ സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ എന്നുള്ള ഉപദേശങ്ങളാണ് എന്റെ നിർമാതാവിൽ നിന്നും എനിക്ക് കിട്ടുന്നത്. സംഗതി ശരിയാണ് ആരുടെയൊക്കെയോ ചൊറിച്ചിലുകൾക്ക് പിന്നാലെ നടന്ന് സമയം കളയുന്നതിനെക്കാൾ നല്ലത് അത് തന്നെയാണ്. പക്ഷെ ചില കാര്യങ്ങൾ പറയാതിരിക്കുന്നതും ചെയ്യാതിരിക്കുന്നതും ധാർമികമായി ശരിയല്ലാത്തതുകൊണ്ട് അങ്ങനെ ഉപേക്ഷിച്ച് പോകാൻ വയ്യ.
കരുതുന്നതുപോലെ ടി സബ്‌സിഡി കോടികളുടെ സർക്കാർ സഹായമല്ല. രണ്ട് ലക്ഷം രൂപ മുൻകൂർ അടച്ചാൽ 7ലക്ഷം രൂപ വരെയുള്ള ജോലികൾ ചിത്രാഞ്ജലിയിൽ ചെയ്യാം എന്നതാണ് സബ്‌സിഡി എന്ന് അറിയപ്പെടുന്നത്. മഹാരാഷ്ട്രയും ഗുജറാത്തും പോലുള്ള “രാഷ്ട്രീയ പ്രതിരോധം” ഉയർത്താത്ത സംസ്ഥാനങ്ങൾ 25 ലക്ഷം മുതൽ ഒരു കോടി രൂപ വരെ സിനിമകൾക്ക് സഹായം നൽകുമ്പോഴാണ് 5 ലക്ഷം രൂപയുടെ സബ്‌സിഡി എന്ന കൊട്ടിഘോഷിക്കൽ നമ്മൾ നടത്തുന്നത്. ഇത്രയും ചെറിയ സഹായത്തിനുവേണ്ടി കടന്നുപോകേണ്ട കടമ്പകൾ ആലോചിച്ചിട്ടാവും കഴമ്പുള്ള സിനിമ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളും അങ്ങോട്ട് പോകാറില്ല. ഷക്കീല തരംഗം ഉണ്ടായിരുന്ന സമയത്താണ് കെഎസ്എഫ്ഡിസി സബ്‌സിഡി എഫക്ടീവായി ഉപയോഗിച്ചുകൊണ്ടുള്ള സിനിമകൾ കൂടുതൽ വന്നത്. കണക്കെടുത്താൽ അറിയാം സിനിമയെ പ്രോൽസാഹിപ്പിക്കാൻ കൊണ്ടുവന്ന ഈ സബ്‌സിഡി എന്തൊക്കെ അനാശാസ്യപ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന സിനിമകൾക്കാണ് ലഭിച്ചിട്ടുള്ളതെന്ന്. എന്നാൽ എന്റെ ആദ്യ സിനിമ മുതൽ ഈ സബ്‌സിഡി ഉപയോഗപ്പെടുത്തിക്കൊണ്ട് ചിത്രാഞ്ജലിപാക്കേജിൽ ചെയ്യുന്നതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ഇത് എനിക്കും എന്നെപ്പോലെ സിനിമ ചെയ്യുന്നവർക്കും അവകാശപ്പെട്ടതാണ് എന്നുള്ള ബോധ്യം. രണ്ട്, ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ജോലിചെയ്യുന്ന ബഹുഭൂരിപക്ഷം പേർക്കും കലാമൂല്യമുള്ള സിനിമയോടുള്ള ആഭിമുഖ്യം. മൂന്നു സിനിമകൾക്കും ചിത്രാഞ്ജലിയിൽ നിന്നും കെഎസ്എഫ്ഡിസിയിൽ നിന്നും വളരെ നല്ല സഹകരണവും ആയിരുന്നുതാനും.
എന്നാൽ ഉന്മാദിയുടെ മരണം എന്ന സിനിമയുടെ നിർമാണത്തിന്റെ അന്തിമഘട്ടത്തിൽ കാര്യങ്ങൾ പൊടുന്നനെ മാറി മറിയുകയായിരുന്നു. മാസങ്ങൾക്ക് മുൻപേ ഒപ്പിട്ട സബ്‌സിഡി കരാർ അനുസരിച്ചുള്ള സബ്‌സിഡി നൽകാൻ തയാറല്ലെന്നും ഇതുവരെ ചെലവായ തുകമുഴുവൻ ഉടൻ അടച്ചു തീർക്കണം എന്നും കെഎസ്എഫ്ഡിസി എംഡി കത്ത് നൽകിയിരിക്കുന്നു. ഒരിഞ്ച് വലുപ്പമുള്ള സെൻസറുള്ള ക്യാമറയിൽ ഷൂട്ട് ചെയ്താലേ സബ്‌സിഡിക്ക് യോഗ്യതയുള്ളു എന്നാണ് കാരണമായി പറയുന്നത്. ഞാൻ സിനിമ ഷൂട്ട് ചെയ്യാൻ പ്രധാനമായും ഉപയോഗിച്ചിരിക്കുന്ന ക്യാമറയുടെ സെൻസർ വലുപ്പം 1 ഇഞ്ചിൽ കൂടുതലാണെന്ന് കാണിച്ച് മറുപടി കൊടുക്കുകയും ചെയർമാനായ ലെനിൻ രാജേന്ദ്രൻ സാറിനെ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കുകയും ചെയ്തിട്ടും ഫലമില്ല. സിനിമാ മന്ത്രിക്ക് സമർപ്പിച്ച പരാതി ഇതുവരെ തീർപ്പായിട്ടില്ല. പരാതി തീർപ്പാക്കുന്നതിനു പകരം അദ്ദേഹം ചെയ്‌തത് പരാതിയുമായി വീട്ടിൽ പോയപ്പോൾ കാണാൻ അനുവദിച്ചില്ല എന്ന സത്യം ഞാൻ പറഞ്ഞു എന്നതിൽ പരിഭവിക്കുകയാണ്.
എനിക്കെതിരെയുള്ള ഈ നീക്കം രാഷ്ട്രീയമായ പകപോക്കലാണെന്ന് പകൽ പോലെ വ്യക്തമാണ്. ഐഎഫ്എഫ്കെ നടക്കുമ്പോൾ സമാന്തരമായി ചലച്ചിത്രമേള നടത്താൻ മുന്നിട്ടിറങ്ങി, മന്ത്രിയെയും അക്കാഡമിയേയും കോർപ്പറേഷനെയും വിമർശിച്ചു എന്നതൊക്കെ ആവാം കാരണങ്ങൾ. ഒരു കാര്യം വളരെ വ്യക്തമാക്കിക്കോട്ടെ ഇത്തരം കുരുട്ടു വിദ്യകൾ കൊണ്ട് ഞാൻ സിനിമ എടുക്കുന്നത് അവസാനിപ്പിക്കാൻ കഴിയുമെന്ന് ആരാരെങ്കിലും കരുതുന്നുവെങ്കിൽ അത് മണ്ടത്തരമാണ്. ആ ഘട്ടം കഴിഞ്ഞു. പക്ഷെ മണ്ടന്മാരാണ് പൊതുവെ എന്നുള്ളതുകൊണ്ട് ആവശ്യമില്ലാതെ അസ്വസ്ഥതകളുണ്ടാക്കാൻ ഇവർക്ക് കഴിയും.
എന്റെ നിരാശ ഇതൊന്നുമല്ല. ലജ്ജയില്ലാത്ത ഇത്തരം പ്രവർത്തനങ്ങൾ രാഷ്ട്രീയ പ്രതിയോഗത്തിന്റെ പേരിൽ ഒരു സ്വതന്ത്ര സിനിമയ്ക്കെതിരെ നടക്കുകയും ന്യായമായ അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുമ്പോഴും ഒന്നും മിണ്ടാതെ കടന്നുപോകുന്ന സിനിമപ്രവർത്തകരും സാംസ്കാരിക നായകരും ആരെയാണ് എൻഡോഴ്സ് ചെയ്യുന്നത്? ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയാൽ ഭരണകൂടത്തിന് ന്യായാന്യായങ്ങൾ നോക്കാതെ പ്രതികാരനടപടി എടുക്കാം എന്നാണോ നിങ്ങളുടെ മൗനം സൂചിപ്പിക്കുന്നത് !
സുഹൃത്തുക്കളെ ഞാൻ മുൻപ് സൂചിപ്പിച്ചപോലെ നിങ്ങളാരും ശബ്ദമുയർത്തി എന്റെ സിനിമയ്ക്ക് സബ്‌സിഡി നേടിത്തരണ്ട ആവശ്യമില്ല സബ്സിഡിയില്ലാതെയും സിനിമ പൂർത്തിയാവും. പക്ഷെ നെറികേടിനെതിരെ ശബ്ദമുയർത്താത്ത പാവകളാണ് നിങ്ങളെന്ന് ലോകരെക്കൊണ്ട് പറയിക്കരുത്. രാഷ്ട്രീയമായി എതിർപക്ഷത്ത് നിൽക്കുന്ന കലാകാരനോട് അന്യായമായി അവകാശലംഘനം നടത്താമെന്ന് അധികാരവർഗത്തിന് തോന്നലുണ്ടാക്കരുത്.
Film
മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പൊലീസ് കേസെടുത്തു
മനേഷ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്.

നടി മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തു. മനേഷ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് നടി പരാതി നല്‍കിയത്.
പതിനായിരത്തിലധികം അംഗങ്ങളുള്ള ഫെയ്‌സ്ബുക്ക് പേജിലാണ് നടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മാനേജറാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് നടി പറയുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആരാണ് പേജിന്റെ അഡ്മിന്‍ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിലും ഐടി ആക്ട് പ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ് പൊലീസ്.
Film
എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് നടന്‍ ജഗദീഷ് പിന്മാറും
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്‍വലിക്കും.

താരസംഘടനയായ എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് നടന്‍ ജഗദീഷ് പിന്മാറും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്‍വലിക്കും. പ്രത്യേക ദൂതന്‍ വഴി കത്ത് കൈമാറാനാണ് തീരുമാനം.
വനിതകള്‍ നേതൃത്വത്തിലെത്തുമെന്ന ഉറപ്പിലാണ് ജഗദീഷിന്റെ തീരുമാനം. വനിതാ അധ്യക്ഷ ഉണ്ടാകണമെന്ന് ജഗദീഷ് നേരത്തെത്തന്നെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം എഎംഎംഎയില്‍ ഇന്ന് മത്സര ചിത്രം തെളിയും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരിക്കുക. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, കുക്കു പരമേശ്വരന്‍, രവീന്ദ്രന്‍ തുടങ്ങിയവര്‍ മത്സരിക്കുന്നുണ്ട്. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.
എഎംഎംഎ അധ്യക്ഷസ്ഥാനത്തേക്ക് വനിതകള്‍ വരുന്നതിനെ നിരവധി പേര്‍ അനുകൂലിച്ചിരുന്നു.
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
-
india3 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
kerala3 days ago
വഞ്ചനാക്കേസ്; നിവിന്‍ പോളിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്
-
kerala3 days ago
കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍; പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം, എഫ്‌ഐആര്‍ പുറത്ത്
-
india3 days ago
നിയമ സാധുതയില്ല; ബിഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയില്‍
-
india3 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
kerala3 days ago
കന്യാ സ്ത്രീകളുടെ അറസ്റ്റ് : ചട്ടം 267 പ്രകാരം രാജ്യസഭയിൽ നോട്ടീസ് നൽകി
-
GULF2 days ago
സൗദി അറേബ്യയിലെ ദമ്മാമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു
-
kerala2 days ago
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ഓര്‍മകള്‍ക്ക് ഒരു വര്‍ഷം; എങ്ങുമെത്താതെ പുനരധിവാസം