കോഴിക്കോട്: യുവനിരകരുത്തില്‍ സന്തോഷ് ട്രോഫി കിരീടപോരാട്ടത്തിന് കേരളം സജ്ജമായി. ദക്ഷണമേഖലാ യോഗ്യതാമത്സരത്തില്‍ ഗ്രൂപ്പ് ചാമ്പ്യനായ ആതിഥേയര്‍, അതേടീമിനെ നിലനിര്‍ത്തുകയായിരുന്നു.

19ന് കൊല്‍ക്കത്തിയില്‍ ആരംഭിക്കന്ന സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ആദ്യമത്സരത്തില്‍ ചണ്ഡീഗഢാണ് എതിരാളികള്‍. 20 അംഗ ടീമിന്റെ ക്യാപ്ടന്‍ രാഹുല്‍ വി രാജും ടീമിന്റെ വൈസ് ക്യാപ്ടന്‍ എസ്. സീസനുമാണ്.

മാര്‍ച്ച് ഒന്നു മുതല്‍ കാലിക്കറ്റ് യൂണിവേസിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന ക്യാമ്പില്‍ നിന്നാണ് ടീമിനെ തിരഞ്ഞെടുത്തത്. സതീവന്‍ ബാലനാണ് പരിശീലകന്‍. സഹ പരിശീലകാനായ ബിജേഷ്‌ബെന്നിന് പകരം ഷാഫി അലി ടീമിനൊപ്പം ചേര്‍ന്നു.
14ന് എറണാകുളത്തുനിന്ന് രാത്രി 9.50ന് ട്രെയിന്‍ മാര്‍ഗം ടീം യാത്രതിരിക്കും. അഞ്ച് കെ.എസ്.ഇബി താരങ്ങളും അഞ്ച് എസ്.ബി.ഐ താരങ്ങളും ടീമിലുണ്ട്.

കേരള പൊലീസ്, ഗോകുലം കേരള എഫ്.സി, എഫ്.സി കേരള എന്നീ ടീമുകളില്‍ നിന്ന് രണ്ട് പേരും സെന്‍ട്രല്‍ എക്‌സൈസില്‍ നിന്ന് ഒരാളും ടീമിലിടം നേടി. സെന്റ് തോമസ് കോളജ് തൃശ്ശൂര്‍, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, മമ്പാട് കോളജ് എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവും ടീമിലുണ്ട്.

ടീമംഗങ്ങള്‍: മിഥുന്‍ വി, ഹജ്മല്‍ എം, അഖില്‍ സോമന്‍, ( ഗോള്‍ കീപ്പര്‍മാര്‍), ലിജോ എസ്, രാഹുല്‍ വി രാജ് , വൈ.പി മുഹമ്മദ് ഷരീഫ്, വിപിന്‍ തോമസ്, വി.ജി ശ്രീരാഗ് , കെ.ഒ ജിയാദ് ഹസന്‍ , ജസ്റ്റിന്‍ ജോര്‍ജ് ( ഡിഫന്‍ഡര്‍ ), രാഹുല്‍ കെ.പി, സീസന്‍. എസ്, മുഹമ്മദ് പാറക്കോട്ടില്‍, ശ്രീക്കുട്ടന്‍ വി.എസ്, ജിതിന്‍ എം.എസ്, ജിതിന്‍ ജി, ഷംനാസ് ബി.എല്‍( മധ്യ നിര), സജിത്ത് പൗലോസ്, അഫ്ദല്‍ വി.കെ, അനുരാഗ് പി.സി ( മുന്നേറ്റ നിര).
അരുണ്‍ രാജ് എസ് ആണ് ടീമിന്റെ ഫിസിയോ, മാനേജര്‍ പി.സി.എം ആസിഫാണ്. വാര്‍ത്താസമ്മേനത്തില്‍ കെ.എഫ്.എ ജനറല്‍ സെക്രട്ടറി പി. അനില്‍കുമാര്‍, കെ.ഡി.എഫ്.എ സെക്രട്ടറി പി. ഹരിദാസന്‍, പരിശീലകന്‍ സതീവന്‍ ബാലന്‍, സഹ പരിശീലകന്‍ ഷാഫി അലി, മാനേജര്‍ പി.സി.എം ആസിഫ് എന്നിവര്‍ പങ്കെടുത്തു. ഐ.സി.എല്‍ ഫിന്‍കോര്‍പ്പാണ് കേരള ടീമിന്റെ സ്‌പോണ്‍സര്‍.