ചെന്നൈ: കാവല്‍ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വത്തിനെതിരെ ആഞ്ഞടിച്ച് നിയുക്ത തമിഴ്‌നാട് മുഖ്യമന്ത്രി വി.കെ ശശികല. പന്നീര്‍ശെല്‍വം വഞ്ചകനാണെന്നും അത്തരക്കാര്‍ ഒരിക്കലും ശാശ്വത വിജയം നേടിയ ചരിത്രമില്ലെന്നും ശശികല പറഞ്ഞു. ചെന്നൈയിലെ പോയസ് ഗാര്‍ഡനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ശശികലക്ക് മുഖ്യമന്ത്രിയാവാന്‍ വേണ്ടി തന്നെ ചിലര്‍ നിര്‍ബന്ധിച്ച് രാജിവെപ്പിക്കുകയായിരുന്ന ആരോപണവുമായി കഴിഞ്ഞ ദിവസം രാത്രി പന്നീര്‍ശെല്‍വം രംഗത്തെത്തിയിരുന്നു.

ഇതേതുടര്‍ന്ന് പോയസ് ഗാര്‍ഡനില്‍ വിളിച്ചുചേര്‍ത്ത എം. എല്‍.എമാരുടെ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. എ. ഐ.എ.ഡി.എം.കെ പിളരില്ല. ശരിരായ പ്രവര്‍ത്തകര്‍ക്ക് ഒരിക്കലും പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. പന്നീര്‍ശെല്‍വം വഞ്ചകനാണ്. അദ്ദേഹത്തിന്റെ തെറ്റുകള്‍ ജനമധ്യത്തില്‍ തുറന്നുകാട്ടും. അത് തന്റെ ഉത്തരവാദിത്തമാണ്. അമ്മയുടെ മരണത്തെതുടര്‍ന്ന് അന്നുതന്നെ മുഖ്യമന്ത്രി പദം സ്വീകരിക്കാന്‍ പ്രവര്‍ത്തകര്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്തരമൊരു മാനസികാവസ്ഥയിലായിരുന്നില്ല താന്‍.

അമ്മ നയിച്ച പാതയിലൂടെ തന്നെ പാര്‍ട്ടി സഞ്ചരിക്കുമെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ഉയര്‍ന്ന കലാപക്കൊടിക്കു പിന്നില്‍ പ്രതിപക്ഷമാണ്. മുഖ്യമന്ത്രി(പന്നീര്‍ശെല്‍വം) പ്രവര്‍ത്തിക്കുന്നത് ആരുടെ ബുദ്ധി പ്രകാരമാണെന്ന് മനസ്സിലാക്കാന്‍ തനിക്കു കഴിയും.
ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവും (എം.കെ സ്റ്റാലിന്‍) ഒ പന്നീര്‍ശെല്‍വവും പരസ്പരം ചിരിച്ചു കാണിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പുതിയ സംഭവങ്ങളെന്നും ശശികല ആരോപിച്ചു. പന്നീര്‍ശെല്‍വത്തെ എ. ഐ. എ. ഡി. എം.കെ ട്രഷറര്‍ സ്ഥാനത്തുനിന്ന് നീക്കിയതായും ശശികല കൂട്ടിച്ചേര്‍ത്തു.