റിയാദ്: സഊദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കിത്തുടങ്ങി. സഊദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് ഔദ്യോഗികമായി നീക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കുമ്പോഴാണ് ലൈസന്‍സ് വിതരണം. വിദേശത്തുനിന്ന് നേരത്തെ ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കിയവര്‍ക്കാണ് പുതിയ ലൈസന്‍സ് നല്‍കിയത്. ,
സഊദി ജനറല്‍ ട്രാഫിക്ക് ഡയറക്ടറേറ്റാണ് ലൈസന്‍സ് നല്‍കുന്നത്. അടുത്തയാഴ്ച രണ്ടായിരം ലൈസന്‍സുകള്‍ കൂടി വിതരണം ചെയ്യുമെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചു. തലസ്ഥാനമായ റിയാദില്‍ അധികൃതര്‍ ലൈസന്‍സ് കൈമാറുകയും ലൈസന്‍സ് ലഭിച്ച വനിത നന്ദി പറയുകയും ചെയ്യുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത്. 2017 സെപ്തംബര്‍ 27നാണ് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് സഊദികള്‍ക്ക് വാഹനമോടിക്കാന്‍ അനുമതിനല്‍കി ഉത്തരവിറക്കിയത്. ഈമാസം 24ന് ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ സഊദിയില്‍ സ്ത്രീകള്‍ വാഹനം ഓടിച്ചു തുടങ്ങും. സ്ത്രീകള്‍ക്ക് ഡ്രൈവിങ് പരിശീലനം നല്‍കുന്നതിന് അഞ്ച് കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിദേശത്തുനിന്ന് ലൈസന്‍സ് നേടിയവരാണ് ഇവിടെ പരിശീലനം നല്‍കുക. കഴിഞ്ഞ മാസം സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കണമെന്ന് വാദിച്ച ഒരുപറ്റം വനിതാ പ്രവര്‍ത്തകരെ ദേശീയ സുരക്ഷ അപകടമാണെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്തിരുന്നു. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഇവര്‍ക്ക് 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.