റിയാദ്: ശത്രുരാജ്യമായ ഇറാനെ കടുത്ത ഭാഷയില്‍ വെല്ലുവിളിച്ച് സഊദി അറേബ്യ. ഇറാന്‍ ആണവായുധം നിര്‍മിച്ചാല്‍ അതേ വഴിയില്‍ തിരിച്ചടിക്കുമെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്നറിയിപ്പ് നല്‍കി.
ആണവായുധം വേണമെന്ന് സഊദിക്ക് ആഗ്രഹമില്ല. പക്ഷെ, ഇറാന്‍ ആണവായുധം നിര്‍മിച്ചാല്‍ സഊദിയും മടിച്ചുനില്‍ക്കാതെ ആണവായുധം നിര്‍മിക്കും-സിബിഎസ്സിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഇറാനിലെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖുമേനിക്കെതിരേയും സൗദി രാജകുമാരന്‍ രൂക്ഷമായി പ്രതികരിച്ചു. ഹിറ്റ്‌ലര്‍ ചെയ്തപോലെ മിഡ്‌ലിസ്റ്റില്‍ സ്വന്തം പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്ന നേതാവാണ് ഖുമേനിയെന്നായിരുന്നു സൗദി രാജകുമാരന്റെ കുറ്റപ്പെടുത്തല്‍.

പശ്ചിമേഷ്യയിലെ പ്രധാന ബദ്ധവൈരികളാണ് സഊദിയും ഇറാനും. ഈമാസം 19ന് സല്‍മാന്‍ രാജകുമാരന്‍ അമേരിക്ക സന്ദര്‍ശിക്കാനിരിക്കെയാണ് ആണവ ഭീഷണി മുഴക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇറാനുമായി അമേരിക്കയും മറ്റ് വന്‍ശക്തികളുമുണ്ടാക്കിയ ആണവ കരാറിനെ ശക്തമായി വിമര്‍ശിക്കുന്ന രാജ്യമാണ് സഊദി.
ആണവായുധ ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണവുമായി ഇറാന്‍ മുന്നോട്ടുപോകുന്നതില്‍ സഊദി, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ട്. അടുത്തിടെ സംയുക്ത പ്രസ്താവനയില്‍ അവര്‍ തങ്ങളുടെ ഭയം തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സഊദിയുടെ പുതിയ മുന്നറിയിപ്പ് പശ്ചിമേഷ്യയില്‍ ആയുധ പന്തയത്തിനു കാരണമാകുമെന്ന് അന്താരാഷ്ട്ര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സമീപ കാലത്ത് സഊദി-ഇറാന്‍ ബന്ധം കൂടുതല്‍ വഷളായിട്ടുണ്ട്.
പശ്ചിമേഷ്യയിലെ പല രാജ്യങ്ങളിലും ഇറാന്‍ ഇറങ്ങിക്കളിക്കുന്നത് സഊദിയെ ചൊടിപ്പിച്ചിട്ടുണ്ട്. സിറിയയില്‍ പ്രസിഡന്റ് ബഷാറുല്‍ അസദിനെ സഹായിക്കുന്ന ഇറാന്‍ യമനില്‍ ഹൂഥി വിമതരോടൊപ്പമാണ്. ഹൂഥികള്‍ക്കെതിരെ സഊദി ശക്തമായ വ്യോമാക്രമണം നടത്തുന്നുണ്ട്. തിരിച്ച് ഹൂഥികള്‍ സഊദിക്കെതിരെ നടത്തിയ പല മിസൈലാക്രമണങ്ങള്‍ക്കും പിന്നില്‍ ഇറാനാണെന്ന് ആരോപണമുണ്ട്. ഹൂഥികള്‍ക്ക് മിസൈല്‍ നല്‍കിയത് ഇറാനാണെന്നാണ് സഊദി ആരോപണം. അടുത്തിടെ സമാധാന ആവശ്യങ്ങള്‍ക്ക് ആണവോര്‍ജം ഉപയോഗിക്കാന്‍ സഊദി തീരുമാനിച്ചിട്ടുണ്ട്. പെട്രോളിയം ഉല്‍പന്നങ്ങളെ അമിതമായി ആശ്രയിക്കുന്നത് അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി മുന്നോട്ടുവെച്ചത്. സഊദിയില്‍ രണ്ട് ആണവ റിയാക്ടറുകള്‍ നിര്‍മിക്കാന്‍ അമേരിക്കയും ദക്ഷിണകൊറിയയും റഷ്യയും ചൈനയും ഫ്രാന്‍സും ശ്രമം നടത്തുന്നുണ്ട്.