അഷ്റഫ് വേങ്ങാട്ട്

റിയാദ് : അല്‍ഉലായില്‍ സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും സുസ്ഥിരതയുടെയും സന്തോഷത്തിന്റെയും പൂക്കള്‍ വിരിയും. ഇന്ന് നടക്കുന്ന ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം പങ്കെടുക്കും. സൗദിയുമായുള്ള ഉപരോധം അവസാനിപ്പിച്ച ഉടനെയാണ് അമീര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന വാര്‍ത്ത ഖത്തര്‍ പുറത്തുവിട്ടത്.

നേരത്തെ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഖത്തര്‍ അമീറിന് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രത്യേക ക്ഷണക്കത്ത് അയച്ചിരുന്നു. അതോടൊപ്പം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഖത്തര്‍ അമീര്‍ ശൈഖ് തമീമുമായി ഇന്നലെ വൈകീട്ട് ഫോണില്‍ സംസാരിച്ചിരുന്നു.

ഗള്‍ഫ് മേഖലയില്‍ അസ്ഥിരതയുണ്ടാക്കാന്‍ ശ്രമിക്കുന്ന ഇറാന്റെ പിന്തുണയോടെ നീങ്ങുന്ന തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നതുള്‍പ്പെടെ 12 വ്യവസ്ഥകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് 2017 ജൂണ്‍ അഞ്ചിനാണ് ജിസിസി അംഗ രാജ്യങ്ങളായ സൗദിയും യുഎഇയും ബഹ്റൈനും ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചത്. തുടര്‍ന്ന് കുവൈത്തിന്റെയും ഒമാന്റെയും നേതൃത്വത്തില്‍ പല ഘട്ടങ്ങളിലായി ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു.

വിടപറഞ്ഞ കുവൈത്ത് അമീര്‍ ശൈഖ് സബാഹിന്റെ നേതൃത്വത്തില്‍ തുടങ്ങിയ മധ്യസ്ഥ ശ്രമങ്ങള്‍ അദ്ദേഹത്തിന്റെ കാലശേഷവും പുതുതായി അധികാരമേറ്റ അമീര്‍ ശൈഖ് നവാഫിന്റെ നേതൃത്വത്തില്‍ തുടരുകയായിരുന്നു. ഗള്‍ഫ് രാജ്യങ്ങളെ കൂടാതെ ഈജിപ്ത്, മാലിദ്വീപ്, മൗറിറ്റാനിയ, സെനഗല്‍, ജിബൂട്ടി, കൊമോറോസ്, ജോര്‍ദാന്‍, ലിബിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളും ഉപരോധത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.