റിയാദ്: മധ്യേഷ്യയിലെ നയതന്ത്ര പ്രശ്‌നങ്ങളില്‍ ഇടപെടുമെന്ന സൂചന നല്‍കി യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനും വൈറ്റ് ഹൗസ് സീനിയര്‍ ഉപദേഷ്ടാവുമായ ജെറാദ് കുഷ്‌നര്‍ സൗദിയില്‍. നിയോമില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കുഷ്‌നറും സംഘവും ചര്‍ച്ച നടത്തും.

സൗദിയിലെ ചര്‍ച്ചകള്‍ക്കു പിന്നാലെ സംഘം ഖത്തറിലെത്തും. ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായും കുഷ്‌നര്‍ ചര്‍ച്ച നടത്തും. യുഎസിലെ മധ്യേഷ്യന്‍ പ്രതിനിധി അവി ബെര്‍കോവിസ്റ്റ്‌സ്, മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരായ ബ്രൈന്‍ ഹൂക്, ആദം ബോഹ്ലര്‍ എന്നിവരും യുഎസ് സംഘത്തിലുണ്ട്.

സൗദിക്കും ഖത്തറിനുമിടയിലുള്ള നയതന്ത്ര പരിഹാരമാണ് സന്ദര്‍ശന ലക്ഷ്യമെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേലുമായി സൗദിയെ നയതന്ത്ര ബന്ധത്തിന് പ്രേരിപ്പിക്കുക എന്ന ലക്ഷ്യവും കുഷ്‌നര്‍ക്കുണ്ട്. ട്രംപ് അധികാരമൊഴിയും മുമ്പ് ബന്ധം സാധ്യമാക്കാനാണ് യുഎസ് ആലോചിക്കുന്നത്. ജനുവരി 20നാണ് യുഎസില്‍ അധികാരക്കൈമാറ്റം നടക്കുന്നത്.

നേരത്തെ, യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നു. എന്നാല്‍ സൗദിയും ഖത്തറും അതിനു തയ്യാറായിരുന്നില്ല.

ഇറാന്റെ ആണവ ശാസ്ത്രജ്ഞന്‍ മുഹ്‌സിന്‍ ഫഖ്‌രിസദ ടെഹ്‌റാനില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കുഷ്‌നര്‍ സൗദിയിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. കൊലപാതകത്തിന് പിന്നില്‍ ഇസ്രയേല്‍ ആണ് എന്നാണ് ഇറാന്റെ ആരോപണം. ഇറാനെതിരെ അറബ് ലോകത്ത് പിന്തുണയുണ്ടാക്കുക എന്ന ലക്ഷ്യവും സന്ദര്‍ശനത്തിന് പിന്നില്‍ ഉണ്ട് എന്ന് കരുതപ്പെടുന്നു.