തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി ഐഎംഎ. രോഗവ്യാപനം ഏറ്റവും കൂടുതലായി നില്‍ക്കുന്ന ഈ അവസ്ഥയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് അതീവ ഗുരുതരാവസ്ഥ സൃഷ്ടിക്കുമെന്ന് ഐഎംഎ നല്‍കിയ കത്തില്‍ പറയുന്നു.

അതിനാല്‍ അടുത്ത രണ്ടു മാസം കൂടി സ്‌കൂളുകള്‍ അടച്ചിടണമെന്നാണ് ഐഎംഎ മുന്നോട്ടു വക്കുന്ന നിര്‍ദേശം. സ്‌കൂളുകള്‍ തുറക്കുന്നത് കുട്ടികളെ നിയന്ത്രിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പ്രയാസം സൃഷ്ടിക്കും. രോഗ വ്യാപനം കുറയുന്ന അവസരത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നതിനെ കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കാവുന്നതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

കോവിഡ് വ്യാപനം വിലയിരുത്തിയ ശേഷമേ സ്‌കൂളുകള്‍ തുറക്കാന്‍ സാധിക്കൂ എന്ന് നേരത്തെ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കോവിഡ് വര്‍ധിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കുന്നത് അപകടമാണെന്നും വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തി. സ്‌കൂളുകള്‍ തുറക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് നേരത്തെ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. രണ്ടു സംസ്ഥാനങ്ങളില്‍ നേരത്തെ സ്‌കൂള്‍ തുറന്നെങ്കിലും പിന്നീട് അടക്കേണ്ടി വന്നു.

ഈ മാസം 15 മുതല്‍ ഘട്ടം ഘട്ടമായി സ്‌കൂളുകള്‍ തുറക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.എന്നാല്‍ രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങള്‍ക്കും ഇതിനോട് താല്‍പര്യമില്ല.