കണ്ണൂര്‍: കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്റെ കൊലപാതകം ആസൂത്രിതമെന്ന് വ്യക്തമാക്കുന്ന ഫ്ളക്സ് ബോര്‍ഡ് പുറത്ത്. ശിവജി ബോയ്സ് കണ്ണവം എന്ന പേരില്‍ സ്ഥാപിച്ച ബോര്‍ഡില്‍ സലാഹുദ്ദീന്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെയാണ് ഭീഷണിയുള്ളത്. ‘എസ്ഡിപിഐ വേട്ടപ്പട്ടികള്‍, ഇവര്‍ കണ്ണവത്തെ കണ്ണീരിലാഴ്ത്തിയ നാടിന്റെ ശാപജന്മങ്ങള്‍’ എന്ന വലിയ എഴുത്തിനൊപ്പം നിസാമുദ്ദീന്‍, സലാഹുദ്ദീന്‍, അജ്മല്‍, അഷ്ഫര്‍, സഫീര്‍.സി, നൗഷാദ്, അഷ്‌കര്‍ എന്നിവരുടെ പേരും ചിത്രവും മേല്‍വിലാസവുമുണ്ട്.

ഫ്‌ളക്‌സിലെ വാചകങ്ങളുടെ പൂര്‍ണ്ണരൂപം:

”വര്‍ഗീയ കലാപം ലക്ഷ്യമാക്കി നരാധമന്‍മാര്‍ വെട്ടിയരിഞ്ഞത് ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരന്‍ ശ്യാമപ്രസാദിനെ, ഹേ സുഡാപ്പികളെ ഒരു ലുക്കൗട്ട് നോട്ടീസില്‍ ഒന്നും ഇതവസാനിക്കാന്‍ പോകുന്നില്ല. കനലെരിയുന്ന വഴിയില്‍ ഞങ്ങള്‍ കാത്തിരിക്കുന്നുണ്ട്. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും അല്ലെങ്കില്‍ ഞങ്ങള്‍ കുടിപ്പിക്കും. അതാണ് ഞങ്ങളുടെ പാരമ്പര്യം-ശിവജി ബോയ്‌സ് കണ്ണവം’

അതേസമയം എസ്ഡിപിഐ പ്രവര്‍ത്തകന്‍ സെയ്ദ് മുഹമ്മദ് സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. കൊലയ്ക്ക് സഹായം നല്‍കിയവരെന്നു കരുതുന്ന ബിജെപി പ്രവര്‍ത്തകരാണ് പിടിയിലായത്.