തൃശ്ശൂര്‍: സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.ഐ.എം എന്നാല്‍ ‘കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള മാര്‍ക്‌സിസ്റ്റ്’ എന്നല്ലെന്ന് യെച്ചൂരി. ഏതെങ്കിലും സംസ്ഥാനത്തെ സവിശേഷത വെച്ചല്ല പാര്‍ട്ടിയുടെ നിലപാട്, പൊതുസാഹചര്യമാണ് നിലപാട് നിര്‍ണ്ണയിക്കുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.

കോണ്‍ഗ്രസ് ബന്ധം വേണമെന്നല്ല അടവ് നയം വേണമെന്നാണ് താന്‍ പറഞ്ഞത്. കേരളത്തില്‍ കോണ്‍ഗ്രസ്സാണ് മുഖ്യശത്രുവെങ്കിലും അഖിലേന്ത്യാ തലത്തില്‍ അതല്ല അവസ്ഥയെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ ചെറുത്തു നില്‍പ് വേണമെന്നും  കരളത്തിലെ സഖാക്കള്‍ പാര്‍ട്ടി പരിപാടി വായിക്കണമെന്നും യെച്ചൂരി ഓര്‍മ്മിപ്പിച്ചു. എ.എന്‍. ഷംസീറിന്റേയും മുഹമ്മദ് റിയാസിന്റേയും പേരെടുത്ത് പറഞ്ഞാണ് യെച്ചൂരി മറുപടി നല്‍കിയത്. ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടുന്ന കാര്യങ്ങളല്ല താന്‍ പറഞ്ഞതെന്നും യെച്ചൂരി പരിഹസിച്ചു.

കേരളത്തിലെ മുഖ്യശത്രു കോണ്‍ഗ്രസാകാം. എന്നാല്‍ രാജ്യത്തെ മുഖ്യശത്രു ബി.ജെ.പിയാണ്. താനും പിണറായി വിജയനും പറഞ്ഞതിലെ വ്യത്യാസം കണ്ടെത്തലല്ല പ്രതിനിധികളുടെ ചുമതല. ആര്‍.എസ്.എസ് എന്ന സംഘടന ‘ഹിന്ദുരാഷ്ട്രം’ എന്ന ലക്ഷ്യവുമായാണ് മുന്നോട്ടു പോകുന്നത്. ഇതിന് തടയിടണം. താന്‍ പറഞ്ഞത് യെച്ചൂരി എന്ന വ്യക്തിയുടെ നിലപാടല്ലെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതി വെച്ച പാര്‍ട്ടി പരിപാടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.