തിരുവനന്തപുരം: ഡിജിപി ടി.പി സെന്‍കുമാര്‍ പൊലീസ് ആസ്ഥാനത്തു നടപ്പാക്കിയ സ്ഥലംമാറ്റ ഉത്തരവുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചു. ആദ്യ ഉത്തരവില്‍ മാറ്റി നിയമിച്ച രണ്ടു ജൂനിയര്‍ സൂപ്രണ്ടുമാരെ ഇന്നലെ വീണ്ടും പൊലീസ് ആസ്ഥാനത്തു സെന്‍കുമാര്‍ മാറ്റി നിയമിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സെന്‍കുമാര്‍ പുറപ്പെടുവിച്ച രണ്ട് സ്ഥലംമാറ്റ ഉത്തരവുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചത്. സുപ്രീംകോടി വിധിയുടെ അടിസ്ഥാനത്തില്‍ ഡിജിപിയായി സെന്‍കുമാര്‍ തിരിച്ചെത്തിയെങ്കിലും ഇത്തരം നിയമനങ്ങള്‍ സര്‍ക്കാറിന്റെ അറിവോടെ മാത്രമായിരിക്കണമെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.
കഴിഞ്ഞ ഒമ്പതിനാണ് പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവി ബീന അടക്കം നാലു ജൂനിയര്‍ സൂപ്രണ്ടുമാരെ സ്ഥലംമാറ്റി സെന്‍കുമാര്‍ ഉത്തരവിട്ടത്. ഇതില്‍ ബീനക്കു പകരം സി.എസ് സജീവ് ചന്ദ്രനെയാണ് നിയമിച്ചത്. എന്നാല്‍ അദ്ദേഹം ചുമതലയേല്‍ക്കാന്‍ വിസമ്മതിച്ചതോടെ രണ്ടു മണിക്കൂറിനുള്ളില്‍ മറ്റൊരു ജൂനിയര്‍ സൂപ്രണ്ടിനെ നിയമിച്ചു. ബീനയെ പേരൂര്‍ക്കട എസ്എപി ക്യാമ്പിലേക്കും മാറ്റി. എന്നാല്‍ അടുത്ത ദിവസം തന്നെ ബീന സ്ഥലംമാറ്റത്തിനെതിരെ ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നല്‍കി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഉത്തരവ് താല്‍കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍ ഇന്നലെ സെന്‍കുമാര്‍ ആദ്യ സ്ഥലംമാറ്റ ഉത്തരവില്‍ ഉള്‍പ്പെട്ട രണ്ടു ജൂനിയര്‍ സൂപ്രണ്ടുമാരെ പൊലീസ് ആസ്ഥാനത്തു നിയമിച്ച് ഉത്തരവായി. ഇതോടെയാണ് സെന്‍കുമാര്‍ പുറപ്പെടുവിച്ച രണ്ടു സ്ഥലമാറ്റ ഉത്തരവും മരവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.