കാസര്‍കോഡ്: എസ്.എഫ്.ഐ കാസര്‍കോഡ് ജില്ലാ സെക്രട്ടറിയറ്റ് അംഗം വാഹനാപകടത്തില്‍ മരിച്ചു. കാസര്‍കോഡ് നുള്ളിപ്പാടിയിലെ മുഹമ്മദ് അഫ്‌സല്‍(25)ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. നായനായര്‍ മൂലക്കടുത്ത് പാണലത്തായിരുന്നു അപകടം ഉണ്ടായത്. കാസര്‍കോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവ നഗരിയിലേക്ക് കാറില്‍ പോകുമ്പോള്‍ ദേശീയപാതയില്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ അഫ്‌സലിന്റെ സുഹൃത്തുക്കളായ പുല്ലൂര്‍ സ്വദേശി വിനോദിനും സീതാംഗോളി സ്വദേശി നാസറിനും ഗുരുതരമായി പരിക്കേറ്റു. ഇവരെ മാംഗളൂരു യൂനിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എസ്.എഫ്.ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു മുഹമ്മദ് അഫ്‌സല്‍. മരണത്തെ തുടര്‍ന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഇന്നത്തെ കലോത്സവ പരിപാടികള്‍ തിങ്കളാഴ്ച്ചത്തോക്കു മാറ്റിവെച്ചതായി യൂണിവേഴ്‌സിറ്റി അറിയിച്ചു.