ശബരിമല: യുവതികള്‍ കയറി സന്നിധാനത്ത് ആചാര ലംഘനമുണ്ടായാല്‍ ശബരിമല നടയടച്ച് താക്കോല്‍ തിരികെ എല്‍പ്പിക്കണമെന്ന് പന്തളം രാജ പ്രതിനിധി. ശശികുമാര വര്‍മ തന്ത്രിയെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മനിതി കൂട്ടായ്മയിലെ ആദ്യ സംഘം പമ്പയിലെത്തി സന്നിധാനത്തേക്ക് പുറപ്പെടാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് രാജകുടുംബം നിലപാട് വ്യക്തമാക്കിയത്.

യുവതികള്‍ സന്നിധാനത്തെത്തിയാല്‍ ദര്‍ശന സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രതിനിധി വ്യക്തമാക്കി. അതേസമയം, ദര്‍ശനം നടത്താതെ തിരികെയില്ലെന്ന നിലപാടിലാണ് സംഘം. ശബരിമലയിലേക്കുള്ള വഴിയില്‍ ഇപ്പോള്‍ ഭക്തര്‍ ശരണം വിളികളുമായി പ്രതിഷേധിക്കുകയാണ്. എന്നാല്‍ ഹൈക്കോടതി നിരീക്ഷക സമിതിയുടെ തീരുമാനമാണ് വിഷയത്തിലുണ്ടാവേണ്ടതെന്നാണ് സര്‍ക്കാര്‍ നിലപാട്. സംഭവത്തെ തുടര്‍ന്ന് ശബരിമലയില്‍ സുരക്ഷ ശക്തമാക്കി.