ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് മന്ത്രി എംഎം മണി ചെയ്ത ഫെയ്‌സ്ബുക് പോസ്റ്റ് മന്ത്രിക്കു തന്നെ വിനയായി. പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍ ലൈറ്റും ഫാനും ഓഫ് ചെയ്യണം എന്നായിരുന്നു വൈദ്യുതി മന്ത്രി പരിഹസിച്ചിരുന്നത്. എന്നാല്‍ സി.പി.എം ഓഫീസില്‍ നിന്ന് പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി യുവതി രംഗത്തു വന്നതോടെ ഈ ട്രോള്‍ മന്ത്രിയെ തന്നെ തിരിഞ്ഞു കൊത്തിയിരിക്കുകയാണ്. അപാര ദീര്‍ഘ വീക്ഷണം, മഹാനാണിദ്ദേഹം എന്ന അടിക്കുറിപ്പോടെ രണ്ട് കൈയും തലയില്‍ വച്ചിരിക്കുന്ന മന്ത്രി എംഎം മണിയുടെ ഫോട്ടോ പോസ്റ്റ് ചെയ്താണ് ശാഫി പറമ്പില്‍ മന്ത്രിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുന്നത്. പോസ്റ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പോസ്റ്റിനെ പിന്തുണച്ചും മണിയെ പരിഹസിച്ചുള്ള നിരവധി ട്രോള്‍ സാഹിത്യങ്ങളാണ് കമന്റ് ബോക്‌സില്‍ വന്നു നിറയുന്നത്.

നേരത്തെ സി.പി.എം ഓഫീസില്‍ വെച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി പ്രസവിച്ചിരുന്നു.
ഫെബ്രുവരി 16 നാണ് മണ്ണൂരിലെ വീട്ടു പറമ്പില്‍ ചോരകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ അയല്‍വാസികള്‍ കാണുന്നത്.
ഇതേ തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ സി.പി.എമ്മിന് വലിയ തരത്തിലുള്ള ക്ഷീണമാണ് ഇത് സൃഷ്ടിക്കുക.