ചെന്നൈ: ജയലളിതയുടെ തോഴി ശശികലക്കെതിരെ വിമര്‍ശനമുന്നയിച്ച ശശികല എംപിയുടെ ഭര്‍ത്താവിനേയും അഭിഭാഷകനേയും അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ നടുറോഡില്‍ തല്ലിച്ചതച്ചു. ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്താണ് സംഭവം. സ്ഥലത്തെത്തിയ പോലീസാണ് ഭര്‍ത്താവ് ലിംഗേശ്വരന്‍ തിലഗറിനേയും അഭിഭാഷകനേയും രക്ഷിച്ചത്.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണ് ഇരുവരും എത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്. ആസ്ഥാനത്തുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇവര്‍ക്കുനേരെ തിരിയുകയായിരുന്നു. അണ്ണാഡിഎംകെയുടെ ജനറല്‍ കൗണ്‍സിലും എക്‌സിക്യൂട്ടീവ് യോഗവും വ്യാഴാഴ്ച്ച നടക്കാനിരിക്കെയാണ് സംഭവം അരങ്ങേറുന്നത്. സ്ഥലത്തെത്തിയ പോലീസ് ഇരുവരേയും രക്ഷിച്ചെടുക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ രണ്ടുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ശശികലയെ ജനറല്‍ സെക്രട്ടറി ആക്കാനുള്ള തീരുമാനത്തിനെതിരെ ശശികല എംപി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പാര്‍ട്ടിയുടെ തലപ്പത്തിരിക്കാന്‍ ശശികലക്ക് യോഗ്യതയില്ലെന്നാണ് ശശികല പുഷ്പയുടെ വാദം. ജയലളിത ജീവിച്ചിരിക്കുമ്പോള്‍ തോഴി ശശികലക്ക് പാര്‍ട്ടിയില്‍ യാതൊരു തരത്തിലുള്ള സ്ഥാനമാനങ്ങളും നല്‍കിയിട്ടില്ല. പാര്‍ട്ടിയുടെ ഒരു എംഎല്‍എ ആയിട്ടുപോലും സ്ഥാനം നല്‍കിയിട്ടില്ലെന്നും എംപി ആരോപിച്ചിരുന്നു. ഇതിനെതിരെയുള്ള പാര്‍ട്ടി നേതാക്കളുടെ രോഷപ്രകടനമാണ് മര്‍ദ്ദമനമെന്നാണ് പാര്‍ട്ടി നേതാക്കള്‍തന്നെ പറയുന്നത്.